PT Usha in Asian athletics
25, May, 2025
Updated on 30, May, 2025 13
![]() |
ജക്കാർത്തയിൽ 2018 ൽ നടന്ന ഏഷ്യൻ ഗെയിംസ്. ഇന്ത്യൻ അത്ലറ്റുകൾ പരിശീലനം നടത്തുന്ന സ്റ്റേഡിയത്തിൽ പി.ടി.ഉഷ ജിസ്ന മാത്യുവിന് പരിശീലനം നൽകുന്നു. ഉഷ ഏതാനും റിപ്പോർട്ടർമാരുടെ മധ്യത്തിൽ ആയിരുന്നതിനാൽ അടുത്തെത്താതെ ഞാൻ ചീഫ് കോച്ച് ബഹദൂർ സിങ് നിൽക്കുന്നിടത്തേക്ക് നടന്നു. ബഹദൂറിനോട് സംസാരിച്ചു നിൽക്കുമ്പോൾ കേരളത്തിൽ നിന്നെത്തിയ സ്പോർട്സ് റിപ്പോർട്ടർ അൻസാർ എസ്.രാജിൻ്റെ ഫോൺ.”ഉഷച്ചേച്ചി തിരക്കുന്നു”. അടുത്തെത്തിയപ്പോൾ കൈയിൽ പിടിച്ചുകൊണ്ട് ഉഷ ചോദിച്ചു. “എന്താണു സനിലേ, കണ്ടിട്ടും മിണ്ടാതെപോയത്?” ആ ചോദ്യത്തിന് ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു.
മാധ്യമങ്ങൾ ഉഷയെ കടന്നാക്രമിച്ച കാലം കഴിഞ്ഞിരുന്നില്ല. വിമർശകരിൽ ഞാനും ഉണ്ടായിരുന്നു. സംസാരിച്ചപ്പോൾ ഉഷയുടെ കണ്ണുകൾ നിറഞ്ഞു. അറ്റ്ലാൻ്റ ഒളിംപിക്സിലും ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ റിലേ ടീമിൽ നിന്ന് ഉഷ അവസാന നിമിഷം തഴയപ്പെട്ടതിന് ഞാനും സാക്ഷിയായിരുന്നു. രണ്ടു തവണയും ചിരിച്ചുകൊണ്ടു സംസാരിച്ച ഉഷയുടെ മുഖം മനസ്സിൽ തെളിഞ്ഞു. തൻ്റെ ശിഷ്യ ജിസ്ന മാത്യു ജക്കാർത്തയിൽ ഇന്ത്യൻ റിലേ ടീമിൽ നിന്ന് തഴയപ്പെട്ടതായിരിക്കാം ഇപ്പോഴത്തെ വിഷമത്തിനു കാരണമെന്നു കരുതി. തലേ വർഷം ഭുവനേശ്വരിൽ ഏഷ്യൻ അത്ലറ്റികസിൽ ജിസ്നയുടെ കരുതൽകൊണ്ടു മാത്രമാണ് ഇന്ത്യ ബാറ്റൻ കൈവിടാതെ രക്ഷപ്പെട്ടത്. ഇക്കാര്യം ഓർമിപ്പിച്ച് ജിസ്നയെ ആശ്വസിപ്പിച്ചു.
എനിക്കു തെറ്റി. ഉഷയുടെ ഓർമയിൽ 1985 ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റ് (ഇപ്പോൾ ഏഷ്യൻ അത്ലറ്റിക്സ് ) കടന്നു വന്നിരിക്കണം. താൻ താരറാണിയായ നഗരത്തിൽ ശിഷ്യക്ക് ഓടാൻ അവസരം പോലും കിട്ടാതെ പോയതാകണം ഉഷയെ വിഷമിപ്പിച്ചത്. ജക്കാർത്തയിൽ 1985 ൽ പി.ടി. ഉഷ കരസ്ഥമാക്കിയത് അഞ്ചു സ്വർണ്ണവും ഒരു വെങ്കലവും.
ഏഷ്യൽ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്താറാം പതിപ്പ് കൊറിയയിലെ ഗുമിയിൽ ഈ മാസം 27നു തുടങ്ങുമ്പോൾ മീറ്റിൽ ഏറ്റവും അധികം മെഡൽ നേടിയ അത്‌ലിറ്റ് പി.ടി. ഉഷ തന്നെ. പതിനാലു സ്വർണ്ണം, ആറ് വെള്ളി, മൂന്നു വെങ്കലം. ആകെ 23 മെഡൽ. 1983 മുതൽ 1998 വരെയുള്ള ഏഷ്യൻ ചാംപ്യൻഷിപ്പിലാണ് ഉഷ മത്സരിച്ചത്. 1983 ൽ 400 മീറ്ററിൽ സ്വർണ്ണവും 200 മീറ്ററിൽ വെള്ളിയുമായി തുടക്കം. 1998ൽ 200 മീറ്ററിലും 400 മീറ്ററിലും വെങ്കലവും 4X100 മീറ്റർ റിലേയിൽ സ്വർണ്ണവും 4X400 മീറ്റർ റിലേയിൽ വെള്ളിയുമായി വിടവാങ്ങൽ.
ഉഷ ആകെ നേടിയ 14 സ്വർണ്ണത്തിൽ 10 എണ്ണം വ്യക്തിഗത ഇനങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. നാലു സ്വർണ്ണം റിലേയിൽ ലഭിച്ചു. 1985ലെ മീറ്റിന് പ്രത്യേകതകൾ പലതും ഉണ്ടായിരുന്നു.400 മീറ്റർ ഹർഡിൽസിൽ എം.ഡി. വൽസമ്മയും പി.ടി. ഉഷയും ഒരുമിച്ചിറങ്ങിയതിനും 1985ലെ ഏഷ്യൻ മീറ്റ് സാക്ഷിയായി. ഉഷയ്ക്ക് സ്വർണ്ണം, വൽസമ്മയ്ക്കു വെള്ളി. പി.ടി. ഉഷ, ലിഡിയ ഡിവേഗയെ പിന്തള്ളിയതും ഇതേ മീറ്റിൽ
ഏഷ്യൻ അത്‌ലറ്റിക്‌സിൽ പി.ടി. ഉഷ തുടരെ നാലു വിജയം നേടിയത് ഒരു ലാപ് ഓട്ടത്തിലാണ്. 1983, 85, 87, 89 വർഷങ്ങളിൽ സ്വർണ്ണം. 400 മീറ്റർ ഹർഡിൽസിൽ ആകട്ടെ 1985 ലും 87ലും 89ലും സ്വർണ്ണം. 100 മീറ്റർ ജയിച്ചത് ഒരിക്കൽ മാത്രം, 1985 ൽ. 1987ൽ ഫിലിപ്പീൻസിന്റെ ലിഡിയ ഡിവേഗ ഉഷയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. 1989 ൽ ചൈനയുടെ ഷാങ് കെയ് ഹുവയും ഉഷയെ രണ്ടാം സ്ഥാനത്താക്കിയിരുന്നു. ഏറ്റവും ഒടുവിൽ 1998 ൽ ജപ്പാനിലെ ഫുക്കുവോക്കയിൽ ഇന്ത്യൻ ടീമിനെ 4X100 മീറ്റർ റിലേയിൽ സ്വർണ്ണമണിയിച്ചതിൽ പി.ടി. ഉഷ നിർണ്ണായക പങ്കുവഹിച്ചു
ഫുക്കുവോക്ക ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പാണ് (അതുവരെ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ്) പി.ടി. ഉഷയുടെ യഥാർത്ഥ വിടവാങ്ങൽ മീറ്റെന്ന് പറയാം. കാരണം ഇന്ത്യയുടെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയായി ഏറെക്കാലം തിളങ്ങിയ ഉഷ ഒരിക്കൽക്കൂടി സ്പ്രിന്റ് റാണിയായ കാഴ്ചയാണ് ഫുക്കുവോക്കയിൽ റിലേയിൽ കണ്ടത്. ഫുക്കുവോക്കയ്ക്കുശേഷം ദേശീയ ക്യാംപിൽ കണ്ടപ്പോൾ ഞാൻ ഉഷയോടു പറഞ്ഞു. ” ഉഷ പഴയ ഫോമിലേക്ക് അടുക്കുന്നുണ്ട്. മത്സരിക്കുമ്പോൾ ഞാൻ പി.ടി.ഉഷയാണ് എന്നൊരു തോന്നൽകൂടി മനസ്സിൽ ഉണ്ടായാൽ മതി.”പക്ഷേ, എന്തോ പഴയ ഉഷയെ വീണ്ടും ട്രാക്കിൽ കാണാൻ കഴിഞ്ഞില്ല. പരുക്ക് അലട്ടിയതാണ് ഒരു കാരണം. എന്തായാലും ഏഷ്യൻ അത്ലറ്റിക്സ് എന്ന് കേൾക്കുമ്പോൾ മനസിൽ തെളിയുന്നത് പഴയ ഉഷ തന്നെ. ഇന്ത്യയുടെ, ഏഷ്യയുടെ ഒരേയൊരു ഉഷ.