Professor mk sanu has passed away Maharajas college memories
3, August, 2025
Updated on 3, August, 2025 59
![]() |
ആലപ്പുഴയിലെ തുമ്പോളിയിൽ നിന്ന് എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകൻ ആകുന്നത്തോടെയാണ് സാനു മാഷ് കൊച്ചിക്ക് പ്രിയപ്പെട്ടവനായത്. 1955 ലാണ് എം കെ സാനു മഹാരാജാസിലെ മലയാളം വിഭാഗത്തിൽ അധ്യാപകനായെത്തുന്നത്. ഏറ്റവും കൂടുതൽ കാലം അദ്ദേഹം അധ്യാപകനായിരുന്നതും പല തലമുറകളെ തെളിച്ചമുള്ള വാക്കുകൾ കൊണ്ട് നയിച്ചതും മഹാരാജാസിന്റെ മണ്ണിലാണ്. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ പലരും അദ്ദേഹത്തിന്റെ ശിഷ്യരാണ്. എ കെ ആന്റണി, വൈക്കം വിശ്വൻ, മമ്മൂട്ടി.. എന്നിങ്ങനെ നീണ്ട നിര. 1983 ലാണ് സാനു മാഷ് മഹാരാജാസിൽ നിന്ന് പടിയിറങ്ങുന്നത്. ഓർമകളുടെ കടലുമായി പിന്നെയും മാഷ് മഹാരാജാസിൽ സജീവമായിരുന്നു
2020-ൽ സാനു മാഷും നാല് ശിഷ്യരും മഹാരാജാസ് കോളജിൽ ഒത്തുകൂടിയിരുന്നു. 1956-ൽ മാഷ് ആദ്യമായി കോളജിൽ പഠിപ്പിക്കാനെത്തുമ്പോൾ ശിഷ്യനായിരുന്ന പ്രതാപചന്ദ്രൻ, മുൻ എം.പി. സെബാസ്റ്റ്യൻ പോൾ, 1967-ലെ ബി.എ. മലയാളം വിദ്യാർഥിനി കനകം, 1981-ലെ എം.എ. മലയാളം വിദ്യാർഥിനി സതീദേവി എന്നിവരായിരുന്നു മാഷിനൊപ്പമുണ്ടായിരുന്നത്. ഒരുപാടു നാളുകൾക്കു ശേഷം പ്രിയ കലാലയത്തിൽ വെച്ച് സാനു മാഷിനെ കാണാനായതിന്റെ സന്തോഷമായിരുന്നു അന്ന് എല്ലാവർക്കും. അന്ന് മാഷ് പറഞ്ഞു; ”അധ്യാപകരെ എന്നും ഓർക്കുന്ന ശിഷ്യർ ഉണ്ടാകുന്നതിനെക്കാൾ വലിയ സന്തോഷം മറ്റെന്താണുള്ളത്…”
കലാലയവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സാനു മാഷിന്റെ പ്രസ്താവനകൾ പലപ്പോഴും നിർണായകമായിരുന്നു.ശാരീരിക അവശതകൾ ഉണ്ടായിരുന്നു എങ്കിലും മഹാരാജാസിന്റെ നൂറ്റിയൻപതാം വാർഷികത്തിലും അദ്ദേഹം പതിവ് തെറ്റിക്കാതെ എത്തി. ഒരുപക്ഷെ മഹാരാജാസിലെ അദ്ദേഹത്തിന്റെ അവസാന സാന്നിധ്യമായിരുന്നു അത്.