താല്‍ക്കാലിക വിസി നിയമനം: ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പെരുമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍

Appointment of interim VC: Kerala Government to Supreme Court
2, August, 2025
Updated on 2, August, 2025 1

Appointment of interim VC: Kerala Government to Supreme Court

കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് ഇല്ലെന്ന് ഉറപ്പിച്ച് സര്‍ക്കാര്‍. ചട്ടവിരുദ്ധമായി ഗവര്‍ണര്‍ പെരുമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടും. സര്‍വകലാശാലകളുടെ ചട്ടത്തിനനുസരിച്ച് നിയമനം നടത്തിയില്ല. സര്‍ക്കാര്‍ നല്‍കിയ പാനല്‍ പരിഗണിച്ചില്ല. താല്‍ക്കാലിക വിസി നിയമനത്തിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് നീക്കം. അതേസമയം, സര്‍ക്കാരിന്റെ ഏത് നീക്കവും നിയമപ്രകാരം നേരിടാനാണ് ഗവര്‍ണറുടെയും തീരുമാനം

താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിന്നെയും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രണ്ടാമതും ഇന്നലെ മുഖ്യമന്ത്രി കത്തയച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ സാങ്കേതിക സര്‍വകലാശാലയില്‍ കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോക്ടര്‍ സിസാ തോമസിനെയും വീണ്ടും താല്‍ക്കാലിക വിസിമാരായി ഗവര്‍ണര്‍ നിയമിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി രണ്ടാമത്തെ കത്തയച്ചത്. ഇപ്പോഴത്തെ നിയമനം നിയമപരമല്ലെന്നും സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇനി സമവായചര്‍ച്ചകളില്‍ കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ നല്‍കുന്ന പേരുകള്‍ പരിഗണിക്കാന്‍ വീണ്ടും കത്തു നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉടന്‍ സിന്‍ഡിക്കേറ്റ് വിളിക്കുമെന്നും കെടിയു താല്‍ക്കാലിക വിസി ഡോ. കെ.ശിവപ്രസാദ് പറഞ്ഞു.

ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സിസ തോമസ് ചുമതല ഏറ്റെടുത്തു. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് നിയമനം എന്ന് കാണിച്ച് സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും.



Feedback and suggestions

Related news