സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികള്‍

Cinema Conclave begins today
2, August, 2025
Updated on 2, August, 2025 1

Cinema Conclave begins today

സിനിമാനയ രൂപീകരണത്തിനായുള്ള സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങളും പിടിച്ചുലച്ച മലയാള സിനിമയെ നയ രൂപീകരണത്തിലൂടെ മുന്നോട്ടു നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഒന്‍പതോളം വിഷയങ്ങളിലാണ് കോണ്‍ക്ലേവില്‍ സമഗ്ര ചര്‍ച്ച നടക്കുക.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്, ലൈംഗികാരോപണങ്ങള്‍, ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ച, മലയാള സിനിമ മേഖലയെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറച്ചുകാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഏറെയാണ്. വിവാദങ്ങളില്‍ പരിഹാരം തേടുകയാണ് സിനിമാനയരൂപീകരണത്തിലൂടെ. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഇന്നും നാളെയുമായി സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികളാവും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമാവും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, തമിഴ് സിനിമ സംവിധായകന്‍ വെട്രിമാരന്‍ തുടങ്ങി സിനിമയുടെ പല മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ പങ്കെടുക്കും.

എല്ലാ സിനിമാ സംഘടനകളെ പ്രതിനിധീകരിച്ചും പങ്കാളിത്തം ഉണ്ടാവും. നിയമസഭാ സമുച്ചയത്തിലാണ് കോണ്‍ക്ലേവ്. മലയാള സിനിമയില്‍ ലിംഗ നീതിയും ഉള്‍ക്കൊള്ളലും, തൊഴില്‍- കരാര്‍ – പണിയിടം, നിയമപരമായ ചട്ടക്കൂടുകളും സന്തുലിതമായ പരാതി പരിഹാര സംവിധാനവും, നാളെകളിലെ സാങ്കേതികവിദ്യയും നൈപുണ്യ വികസനവും, പ്രാദേശിക കലാകാരന്മാരെയും മലയാളത്തിലുള്ള സ്വതന്ത്ര സിനിമയെയും ശാക്തീകരിക്കല്‍, തീയറ്ററുകള്‍ – ഇ ടിക്കറ്റിങ്, വിതരണക്കാര്‍, പ്രദര്‍ശനക്കാര്‍ തുടങ്ങി അനവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഒരേസമയം അഞ്ചിടങ്ങളിലാണ് കോണ്‍ക്ലേവില്‍ ചര്‍ച്ച നടക്കുക



Feedback and suggestions

Related news