Nuns’ bail: Bilaspur NIA court to pronounce verdict today
2, August, 2025
Updated on 2, August, 2025 19
![]() |
ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യ കടത്തും കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡില്‍ തുടരുകയാണ്.
കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കിയതിന് പിന്നാലെയാണ് ഇന്നലെ കോടതി വാദം കേട്ടത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന് ബജ്രംഗദല്‍ അഭിഭാഷകന്‍ വാദിച്ചു. ബജ്‌റങ്ദള്‍ ആരോപണത്തിന് എതിരായ തെളിവുകള്‍ കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ ഹാജരാക്കി. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവര്‍ എന്ന് തെളിയിക്കുന്ന രേഖകളും, ക്രിസ്തീയ വിശ്വാസികള്‍ ആണെന്ന രേഖകളും, മാതാപിതാക്കളുടെ മൊഴിയും നല്‍കി. അന്വേഷണം പ്രാരംഭഘട്ടത്തിലാണ് അതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പിന്നാലെയാണ് ജാമ്യപേക്ഷയില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.