Extremely heavy rain in Kerala; Red alert in 5 districts
25, May, 2025
Updated on 30, May, 2025 11
![]() |
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ഒൻപത് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനാണ് സാധ്യത.
ഇന്നലെ കണ്ണൂർ കാസർഗോഡ് ഇടുക്കി ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ കാറ്റുവീശി. മത്സ്യബന്ധനത്തിന് ഇന്നും നിയന്ത്രണം തുടരും. നാളെയും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട്. കാലവർഷം മുൻകരുതലിന്റെ ഭാഗമായി എൻഡിആർഎഫ് സംഘം മലപ്പുറത്തേക്ക് എത്തും. 26 പേരടങ്ങുന്ന സംഘമാണ് എത്തുക. ചെന്നൈ ആരക്കോണത്തു നിന്നുള്ള സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും.
സാധാരണ ജൂൺ 1 ന് എത്തേണ്ട കാലവർഷം ഇന്നലെ കേരളത്തിൽ എത്തി. 16 വർഷം മുൻപ് 2009 ൽ മെയ് 23 കാലവർഷം എത്തിയതിന് ശേഷം നേരത്തെ എത്തുന്നത് ഇപ്പോഴാണ്. മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൂടാതെ ഈ മാസം 27-ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ബുധനാഴ്ച വരെ മീൻപിടിത്തം വിലക്കി. ആരോഗ്യവകുപ്പ് പകർച്ചാവ്യാധി മുന്നറിയിപ്പും നൽകി.