Kerala rain alert
28, July, 2025
Updated on 28, July, 2025 11
![]() |
സംസ്ഥാനത്ത് പൊതുവില്‍ മഴയുടെ തീവ്രത കുറയുമെങ്കിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരാന്‍ സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് മറ്റു ജില്ലകളില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യത.
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്‌കൂളുകള്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി അഞ്ച് സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാല്‍ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി സ്‌കൂളുകള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.