ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം: ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും

Govindachamy’s jailbreak: DIG of Jail’s investigation report to be submitted today
28, July, 2025
Updated on 28, July, 2025 9

Govindachamy’s jailbreak: DIG of Jail’s investigation report to be submitted today

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്‌പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും

അതേസമയം, ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്‍ കൂടി സസ്‌പെന്‍ഷനിലാരുന്നു. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനെ തുടര്‍ന്ന് അബ്ദുല്‍ സത്താര്‍ മാധ്യമങ്ങളിലൂടെ ചില വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നുമാണ് ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് അബ്ദുല്‍ സത്താറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അബ്ദുല്‍ സത്താര്‍ നേരത്തെ കണ്ണൂര്‍ ജയിലില്‍ ജോലി നോക്കവേ ഉണ്ടായ ചില കാര്യങ്ങളാണ് മാധ്യമത്തോട് പങ്കുവെച്ചത്.

ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജയിലിലെ സമ്പൂര്‍ണ സുരക്ഷ വീഴ്ച്ച തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയില്‍ ചാടാന്‍ പുറമേനിന്ന് സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹ തടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.


Feedback and suggestions

Related news