Sunny Joseph says Palode Ravi has lack of attention
27, July, 2025
Updated on 27, July, 2025 20
![]() |
പാലോട് രവിക്ക് ശ്രദ്ധ കുറവ് ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാജിയിൽ ചർച്ച ഉണ്ടായി. പാലോട് രവി രാജ്യസന്നദ്ധത അറിയിച്ചു. രാജി നൽകി കെപിസിസി അത് സ്വീകരിച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാലോട് രവിയുടെ സംഭാഷണത്തിൽ ദുരുദ്ദേശം ഇല്ലായിരുന്നു. പ്രവർത്തകനെ ഉത്തേജിപ്പിക്കാൻ പറഞ്ഞതാണെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജി ചോദിച്ചു വാങ്ങിയതാണോ എന്ന് ചോദ്യത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞുമാറി. വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രവർത്തകരുടെ വികാരം കൂടി മാനിച്ചാണ് തുടക്കത്തിലുള്ള തീരുമാനം എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമതാകുമെന്നും പലയിടങ്ങളിലും ബിജെപി രണ്ടാമതെത്തുമെന്നുമായിരുന്നു ഫോൺ സംഭാഷണം.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് പാലോട് രവി രാജിവെക്കണമെന്ന തീരുമാനമെടുത്തത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോൺഗ്രസ് നേതാക്കളുമായും ഫോണിൽ സംസാരിച്ചു. സംസ്ഥാനതലത്തിൽ അഭിപ്രായസമന്വയത്തിൽ എത്തിയ ശേഷം ഹൈക്കമാൻഡിൽ നിന്ന് അനുമതി വാങ്ങി. പിന്നാലെ പാലോട് രവിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കിൽ സംഘടനാ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി