v sivankutty mithun death thevalakkara school management dismissed
26, July, 2025
Updated on 26, July, 2025 17
![]() |
കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാർ ഏറ്റെടുത്തു. 1958 കേരള വിദ്യാഭ്യാസ നിയമപ്രകാരമാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഗുരുതര വീഴ്ച തേവലക്കര സ്കൂൾ വരുത്തി. മാനേജ്മെൻ്റിനെ പിരിച്ചു വിട്ടു. കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് ചുമതല നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി
വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മിഥുൻ്റെ ഷോക്കേറ്റുള്ള മരണം, ഭാവിയിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചു വരുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു. മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായവും, വീട് വെച്ച് നൽകാനും തീരുമാനിച്ചു. KSEB യും KSTA യും 10 ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് നടപടിയെടുത്തത്.
നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്ത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതോടെയാണ് മുഖം നോക്കാതെയുള്ള നടപടികളിലേക്ക് എത്തിയത്.