Dhaka plane crash: Death toll rises to 31, students protest
23, July, 2025
Updated on 23, July, 2025 9
![]() |
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന ജെറ്റ് രാജ്യതലസ്ഥാനത്തെ ഒരു സ്കൂളിലേക്ക് തകർന്നുവീണ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. അപകടത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുക, പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി നൂറോളം വിദ്യാർഥികൾ അപകടം നടന്ന സ്ഥലത്ത് പ്രതിഷേധിച്ചു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ “കൃത്യമായി” പ്രസിദ്ധീകരിക്കുക, അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ബംഗ്ലാദേശ് വ്യോമസേന “കാലഹരണപ്പെട്ടതും സുരക്ഷിതമല്ലാത്തതുമായ” പരിശീലന വിമാനങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക എന്നിവയാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളെ മർദിച്ചതായും അധ്യാപകരെ ആക്രമിച്ചതായും അവർ മുദ്രാവാക്യം മുഴക്കി
ധാക്കയിലെ മറ്റിടങ്ങളിൽ, പോലീസ് ലാത്തി വീശിയതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. നേരത്തെ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് രാജ്യത്തിന്റെ ഭരണ ആസ്ഥാനമായ ബംഗ്ലാദേശ് സെക്രട്ടേറിയറ്റ് സമുച്ചയത്തിലേക്ക് വിദ്യാർത്ഥികൾ പ്രവേശിച്ചിരുന്നു. ഇവർക്കുനേരെ പൊലീസ് കണ്ണീർവാതകം അടക്കം പ്രയോഗിച്ചു.
അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 31 ആയി ഉയർന്നു. മരിച്ചവരിൽ 25ലധികം പേർ വിദ്യാർഥികളാണ്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ ഒരു അധ്യാപികയും പൊള്ളലേറ്റ് മരിച്ചു.
സംഭത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സിവിൽ ഏവിയേഷൻ അതോറിറ്റി നേരിട്ട് അന്വേഷണത്തിൽ പങ്കെടുത്തില്ല.അപകടത്തെ തുടർന്ന് ബംഗ്ലാദേശ് ചൊവ്വാഴ്ച ദേശീയ ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചു, രാജ്യത്തുടനീളം പതാകകൾ പകുതി താഴ്ത്തിക്കെട്ടി.
വിമാനം തകർന്നുവീണ മൈൽസ്റ്റോൺ സ്കൂളിലും കോളേജിലും രണ്ട് നിലകളുള്ള സ്കൂൾ കെട്ടിടം കത്തിനശിച്ചിരുന്നു. 171 പേരെയാണ് അപകടത്തിന് പിന്നാലെ രക്ഷപ്പെടുത്തിയത്.ഹെലികോപ്റ്ററുകൾ അടക്കം എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം.