KSRTC special bus for VS’s funeral procession
22, July, 2025
Updated on 22, July, 2025 18
![]() |
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.
സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.
തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയില്‍ ഏഴിടത്തും പൊതുജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.