Vithura Ambulance issue: Police to take strong action
21, July, 2025
Updated on 21, July, 2025 20
![]() |
തിരുവനന്തപുരം വിതുരയില്‍ ആംബുലന്‍സ് തടഞ്ഞുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചികിത്സ വൈകി, രോഗി മരിച്ചതില്‍ ശക്തമായ നടപടിക്ക് പൊലീസ്. കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം കഴിഞ്ഞദിവസം കേസെടുത്തിരുന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. മരിച്ച മണലി സ്വദേശി ബിനുവിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആബുലന്‍സില്‍ കയറ്റാന്‍ കഴിയാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു എന്നാണ് എഫ്‌ഐആര്‍. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉളളവരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ളയാളെ കൊണ്ടുപോകാനുള്ള ആംബുലന്‍സ് ആണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസ് വാദം.
ആംബുലന്‍സിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സുമില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദവും പൊളിഞ്ഞു. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നും എഫ്‌ഐആറില്‍ പറയുന്നു. അഞ്ചു മിനിറ്റ് മാത്രമാണ് പ്രതിഷേധം എന്നായിരുന്നു കോണ്‍ഗ്രസ് വാദം.
ഇന്‍ഷുറന്‍സിന്റെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സും ഫിറ്റ്നസുമുള്ള ആംബുലന്‍സാണെങ്കിലും ഇതൊന്നും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് തടഞ്ഞത്. ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച രേഖകള്‍ ഇവിടെ ചേര്‍ക്കുന്നു. മരണമടഞ്ഞ ബിനുവിന് ആദരാഞ്ജലികള്‍ – വീണാ ജോര്‍ജ് വ്യക്തമാക്കി.