പേരാമ്പ്രയിലെ അപകടം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Perambra accident; Bus driver’s license suspended
21, July, 2025
Updated on 21, July, 2025 58

Perambra accident; Bus driver’s license suspended

കോഴിക്കോട് പേരാമ്പ്രയിൽ മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസൻസ് ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കാനും ഉത്തരവ്.

ഇന്നലെ വൈകിട്ടാണ് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഒമേഗ കയറി മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് മരിച്ചത്. ബസിന്റെ അമിതവേഗതയും മത്സര ഓട്ടവുമാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയിൽ ബസ്സിന്റെ ടയർ കയറുകയായിരുന്നു. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനെതിരെ പേരാമ്പ്രയിൽ ഇന്ന് വലിയ പ്രതിഷേധമായിരുന്നു ഉണ്ടായത്.

വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദേശം നൽകി. കോഴിക്കോട് റൂറൽ എസ്പിക്കും ആർടിഒക്കുമാണ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ അധികൃതരുടെ കർശന ഇടപെടൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.




Feedback and suggestions