aalapuzha roof of govt up school building collapses
20, July, 2025
Updated on 20, July, 2025 21
![]() |
ആലപ്പുഴ കാർത്തികപ്പള്ളിയിൽ തകർന്ന് വീണ സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല. മേൽക്കൂര അപകടാവസ്ഥയിൽ എന്ന് പഞ്ചായത്ത് എഞ്ചിനിയറിങ് വിഭാഗം മാസങ്ങൾ മുന്നേ റിപ്പോർട്ട് നൽകിയിരുന്നു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം
അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സ്കൂൾ കെട്ടിടത്തിൽ ക്ലാസ് റൂമുകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിടം പ്രവർത്തിച്ചിരുന്നില്ലെന്ന വാദത്തിൽ ഉറച്ച് സ്കൂൾ അധികൃതർ രംഗത്തെത്തി. കെട്ടിടത്തിന്റെ മേൽക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാഗമാണ് തകർന്നുവീണതെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു.
കൂടാതെ, തകർന്നു വീണത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ ഭാഗമാണ്. ഈ കെട്ടിടത്തിൽ ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകൾ മാത്രമാണ് ആയിട്ടുള്ളത്. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ നടന്നുവരികയാണെന്നും അധ്യാപകൻ പറഞ്ഞു.
എന്നാൽ, സംഭവത്തിൽ പ്രധാന അധ്യാപകന്റെ വാദം വിദ്യാർത്ഥികൾ നിഷേധിച്ചു. മേൽക്കൂരയുടെ ഭാഗം തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. വെള്ളിയാഴ്ച വരെയും ഇവിടെ ക്ലാസുകൾ നടന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.