27, November, 2026
Updated on 27, November, 2026 14
തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ ശനിയാഴ്ച ദീപം തെളിയിക്കാൻ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ക്ഷേത്രത്തിന്റെയും മലനിരകളുടെയും സുരക്ഷാ ചുമതല ഉടൻ തന്നെ കേന്ദ്ര റിസർവ് പോലീസ് സേനയ്ക്ക് (സിആർപിഎഫ്) കൈമാറാനും കോടതി നിർദ്ദേശിച്ചു. നവംബർ 20-ലെ സുപ്രീം കോടതി ഉത്തരവ് മനഃപൂർവ്വം ലംഘിച്ചുവെന്ന ആരോപണത്തിൽ തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി, മധുര കളക്ടർ എന്നിവരുൾപ്പെടെ 15 പേർക്ക് കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ക്ഷേത്ര ഭരണകാര്യങ്ങൾ ഏകോപിപ്പിക്കാനായി രണ്ട് മുൻ ജഡ്ജിമാരെ റിസീവർമാരായും സുപ്രീം കോടതി നിയോഗിച്ചു.
നവംബർ 24-ന് ദീപം തെളിയിക്കാൻ അനുവദിച്ച മുൻ ഇടക്കാല ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതി കടുത്ത നടപടി സ്വീകരിച്ചത്. മുൻ ഉത്തരവിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയ കോടതി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്തർക്ക് ദീപം തെളിയിക്കാൻ റിസീവർമാർ അനുമതി നൽകണമെന്ന് വ്യക്തമാക്കി. മലമുകളിലെ മറ്റൊരു മതസ്ഥാപനത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത്, ദർഗയിൽ നിന്ന് എല്ലാ ഭാഗത്തേക്കും കുറഞ്ഞത് 50 മീറ്റർ അകലത്തിലുള്ള ദീപത്തൂണിലോ മറ്റു സ്ഥലങ്ങളിലോ വേണം ദീപം തെളിയിക്കേണ്ടതെന്ന് കോടതി നിർദ്ദേശിച്ചു.
ഹിന്ദു-മുസ്ലിം ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിയമപോരാട്ടവും പ്രതിഷേധങ്ങളും തുടരുകയാണ്. ഉത്തരവ് നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (എച്ച്ആർ ആൻഡ് സിഇ) സെക്രട്ടറി, കമ്മീഷണർ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റിമാർ, പോലീസ് കമ്മീഷണർ, എസ്പി എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തിരുപ്പരൻകുണ്ഡ്രത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.