27, November, 2026
Updated on 27, November, 2026 0
ഡൽഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുള്ള നിർണായക ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് (നവംബർ 27) പരിഗണിക്കും. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡല പുനർനിർണയ ബില്ലിനൊപ്പം, സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ബില്ലും കേന്ദ്രസർക്കാർ കൊണ്ടുവരും.
എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് വരുത്തുന്നതോടെയാണ് ആകെ സീറ്റുകൾ 850 ആയി ഉയരുക. 2011-ലെ സെൻസസ് കണക്കുകളെ അടിസ്ഥാനമാക്കിയായിരിക്കും സീറ്റുകളുടെ ഈ വർധനവ് നടപ്പിലാക്കുന്നത്.
പുതിയ വർധനവിന് ശേഷം, ലോക്സഭാ സീറ്റുകളുടെ എണ്ണം അടുത്ത 25 വർഷത്തേക്ക് വീണ്ടും ഉയർത്തുന്നത് മരവിപ്പിക്കുന്ന കാര്യത്തിലും ബില്ലിൽ തീരുമാനമുണ്ടാകും. മുൻപ് ഈ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലമെന്റിൽ ഉറപ്പാക്കാൻ കഴിയാത്തതിനെത്തുടർന്ന് നീക്കം പരാജയപ്പെട്ടിരുന്നു.
എന്നാൽ ഇത്തവണ പ്രാദേശിക പാർട്ടികളുടെ ആശങ്കകളും നിലപാടുകളും കൂടി കണക്കിലെടുത്തുകൊണ്ടുള്ള വ്യവസ്ഥകളോടെയായിരിക്കും പുതിയ ബിൽ സഭയിലെത്തുക. സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കുന്നതിനായി പ്രതിപക്ഷ ചേരിയിലുള്ള ചില പാർട്ടികളെയും അംഗങ്ങളെയും ഒപ്പം നിർത്താനുള്ള ചർച്ചകൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് നടന്നിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭ ഇന്ന് ബില്ലിന് അംഗീകാരം നൽകിയാൽ, തിങ്കളാഴ്ച (നവംബർ 30) ആരംഭിക്കുന്ന പാർലമെന്റിന്റെ നാലുദിവസത്തെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.