ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധികനികുതി ചുമത്താന്‍ അമേരിക്ക: നീക്കം വീക്ഷിച്ചു വരികയാണെന്നു ഇന്ത്യ


26, November, 2026
Updated on 26, November, 2026 9


ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാര്‍ നടപ്പായില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം വരെ അധികനികുതി ഇടാക്കാനുള്ള നടപടിയുമായി അമേരിക്ക. അമേരിക്കയുടെ നീക്കം ശ്രദ്ധയോടെ വീക്ഷിച്ചു വരികയാണെന്നു ഇന്ത്യ.ഇന്ത്യയില്‍ ആവശ്യത്തിലധികം ഉല്‍പ്പാദനം നടക്കുന്നുവെന്ന അമേരിക്കയുടെ ആരോപണം ഇന്ത്യ തള്ളി. രാജ്യത്തെ ഒരു മേഖലയിലും അധിക ഉല്‍പ്പാദനശേഷിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ ഉല്‍പ്പാദന മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും നടപടികളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ വ്യാപാര പ്രതിനിധി ഓഫീസ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. അമേരിക്കന്‍ വ്യാപാര നിയമത്തിലെ സെക്ഷന്‍ 301 പ്രകാരമാണിത്. . ചില രാജ്യങ്ങള്‍ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് അമിതമായ പിന്തുണ നല്‍കുകയും ആവശ്യത്തിലധികം ഉല്‍പ്പാദനം നടത്തുകയും ഇത് കയറ്റുമതി ചെയ്യുന്നതിലൂടെ ആഗോള വിപണിയില്‍ വില കുറച്ച് അമേരിക്കന്‍ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് യുഎസ് ആരോപണം.ഇന്ത്യയ്ക്ക് പുറമെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും 20 മുതല്‍ 35 ശതമാനം വരെ തീരുവ ചുമത്താനാണ് അമേരിക്കയുടെ നിര്‍ദേശം. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയ്ക്ക് 15 ശതമാനവും വിയറ്റ്‌നാമിന് 20 ശതമാനവും തീരുവയാണ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വ്യാപകമായ ഇറക്കുമതി തീരുവകള്‍ അമേരിക്കന്‍ സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വീണ്ടും പുനഃപരിശോധനയ്ക്ക് വിധേയമായി. ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയ വ്യാപാര ചട്ടക്കൂട് വീണ്ടും ചര്‍ച്ചാമേശയിലെത്തുകയും ഇടക്കാല ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടരുകയും ചെയ്യുകയാണ്.വ്യാപാരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നിര്‍ദേശങ്ങളില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി ജനുവരി അഞ്ചുവരെ എഴുത്തുപരമായ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഡടഠഞ അറിയിച്ചിട്ടുണ്ട്. ജനുവരി 25ന് പൊതുഹിയറിങ്ങും നിശ്ചയിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും നിര്‍ദേശങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.






















Feedback and suggestions