25, November, 2026
Updated on 25, November, 2026 6
വാഷിങ്ടൺ :അമേരിക്കയിൽ ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾ രൂക്ഷമായതോടെ ഒന്നര വർഷത്തിനിടെ നാടുകടത്തപ്പെട്ടത് 2,349 ഇന്ത്യക്കാരെ. 2025 ജനുവരിക്കും 2026 ഓഗസ്റ്റിനും ഇടയിലുള്ള 20 മാസത്തിനിടെ 6,111 ഇന്ത്യക്കാരെയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അറസ്റ്റ് ചെയ്തത്. നാലായിരത്തിലധികം പേർ ഇപ്പോഴും വിവിധ ഡിപോർട്ടേഷൻ കേന്ദ്രങ്ങളിൽ നാടുകടത്തൽ കാത്ത് നരകയാതന അനുഭവിക്കുകയാണെന്നും 'അമേരിക്കൻ കമ്യൂണിറ്റി മീഡിയ' പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2025-ൽ അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് ഐസിഇയുടെ ഔദ്യോഗിക കണക്കുകൾ തന്നെ സമ്മതിക്കുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കുടിയേറ്റ വിരുദ്ധ റെയ്ഡുകൾ വ്യാപകമാക്കിയതാണ് കൂട്ട അറസ്റ്റുകൾക്കും നാടുകടത്തലിനും പിന്നിലെന്ന് 'സ്റ്റോപ്പ് എഎപിഐ ഹേറ്റ്' എന്ന സംഘടന ചൂണ്ടിക്കാട്ടി. ഏഷ്യ–പസഫിക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ അറസ്റ്റുകളും തടങ്കലുകളും നാടുകടത്തലുകളും നേരിടുന്നത് ഇന്ത്യക്കാരാണെന്നും സംഘടന വ്യക്തമാക്കുന്നു.
നിയമപരമായ രേഖകളുള്ളവരെപ്പോലും വേട്ടയാടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഗ്രീൻ കാർഡ് അപേക്ഷ അംഗീകരിക്കപ്പെട്ട 60 വയസ്സുകാരിയായ ഇന്ത്യൻ വംശജയെ ഒരാഴ്ചയോളം അകാരണമായി കസ്റ്റഡിയിൽ വെച്ച സംഭവവും റിപ്പോർട്ടിലുണ്ട്. 1994 മുതൽ അമേരിക്കയിൽ താമസിക്കുന്ന ഇവരെ ഗ്രീൻ കാർഡ് നടപടികളുടെ ഭാഗമായുള്ള ബയോമെട്രിക്സ് പരിശോധനയ്ക്കായി ഇമിഗ്രേഷൻ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തടങ്കലിലാക്കിയത്. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന കാലിഫോർണിയയിൽ മാത്രം 850-ലധികം ഇന്ത്യക്കാരെയാണ് ഐസിഇ അറസ്റ്റ് ചെയ്തത്.