24, November, 2026
Updated on 24, November, 2026 10
വാഷിംഗ്ടണ്‍: എന്‍വിഡിയ സിഇഒ ആയി ജെന്‍സന്‍ ഹുവാങിനെ വീണ്ടും നിയമിച്ചതിനു ് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ് ചര്‍ച്ചയാകുന്നു. ചുവന്ന ബ്രാ കൈയില്‍ ഉയര്‍ത്തിപ്പിടിച്ച്, പിന്നില്‍ എന്‍വിഡിയ പതാകയുമായി നില്‍ക്കുന്ന ഹുവാങിന്റെ എഐ നിര്‍മിത ചിത്രമാണ് ട്രംപ് പങ്കുവച്ചത്. 2024 ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിനുനേരെയുണ്ടായ വധശ്രമത്തിന് പിന്നാലെയുള്ള ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ മീം. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ മേധാവി സ്ഥാനത്തേക്ക് ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്.
എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രത്തില്‍ ഹുവാങിന്റെ മുഖത്ത് രക്തം പുരണ്ടതായും ചുറ്റും രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതായും കാണാം. പെന്‍സില്‍വാനിയയിലെ വെടിവയ്പിന് പിന്നാലെ ട്രംപിന്റെ മുഖത്തും രക്തം പുരണ്ടിരുന്നു. ഈ സംഭവവുമായി സാമ്യമുള്ള രീതിയിലാണ് ഹുവാങിന്റെ ചിത്രവും തയ്യാറാക്കിയിരിക്കുന്നത്. ഹുവാങിനെ തന്റെ അടുത്ത രാഷ്ട്രീയ-വ്യവസായിക പങ്കാളിയായാണ് ട്രംപ് കാണുന്നതെന്ന സൂചനയും പോസ്റ്റ് നല്‍കുന്നുണ്ട്.
ലൈംഗികബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഹുവാങിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതും പിന്നീട് അദ്ദേഹം സ്ഥാനത്തേക്ക് തിരിച്ചെത്തിയതും ഒരു പ്രതീകാത്മക ‘വധശ്രമത്തില്‍’നിന്നുള്ള തിരിച്ചുവരവായാണ് ട്രംപ് ചിത്രീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍. സ്വന്തം രാഷ്ട്രീയ തിരിച്ചുവരവുമായും ഹുവാങിന്റെ മടങ്ങിവരവുമായും സമാനതകള്‍ സൃഷ്ടിക്കുന്നതാണ് ചിത്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നിട്ടും ഹുവാങിനെ പിന്തുണയ്ക്കുന്ന ട്രംപിന്റെ നിലപാടും ശ്രദ്ധേയമാണ്.
നവംബര്‍ 12നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഹുവാങ് എന്‍വിഡിയ സിഇഒ സ്ഥാനത്തുനിന്ന് രാജിവച്ചത്. ചൈനയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന ഒരു വനിതയുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു വിവാദമെന്നാണ് റിപ്പോര്‍ട്ട്. ഹുവാങിന്റെ രാജി വാള്‍സ്ട്രീറ്റില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപത്തെ ആശ്രയിക്കുന്ന അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ തിങ്കളാഴ്ച അദ്ദേഹം തിരിച്ചെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായി. എന്‍വിഡിയ ഓഹരികള്‍ ഏകദേശം 35 ശതമാനവും നാസ്ഡാക് സൂചിക ഏഴ് ശതമാനത്തോളവും ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹുവാങിനെ തിരിച്ചെടുക്കണമെന്ന് ട്രംപ് നേരത്തേ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡുമായി നേരിട്ടും അല്ലാതെയും സംസാരിച്ചിരുന്നുവെന്നും ഹുവാങിന്റെ തിരിച്ചുവരവ് ശരിയായ തീരുമാനമാണെന്ന് തനിക്ക് ശക്തമായ വിശ്വാസമുണ്ടായിരുന്നുവെന്നും ട്രംപ് സിഎന്‍ബിസിയോട് പറഞ്ഞു. തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായി ഹുവാങിനെ സിഇഒ, പ്രസിഡന്റ്, ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വശേഷിയിലും തുറന്ന സമീപനത്തിലും വിശ്വാസമുണ്ടെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് ഉറപ്പായതായും കമ്പനി വ്യക്തമാക്കി. ഹാര്‍വി ജോണ്‍സ് ചെയര്‍മാനായി തുടരും. ഇടക്കാല സിഇഒ ആയിരുന്ന കോലെറ്റ് ക്രെസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനത്തും തുടരും.