24, November, 2026
Updated on 24, November, 2026 10
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഒഹായോയില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ക്ക് ദാരുണാന്ത്യം; ഒമ്പത് പേര്‍ക്ക് പരിക്ക് ഒഹായോ സംസ്ഥാന തലസ്ഥാനമായ കൊളംബസില്‍ രണ്ട് പൊതുഗതാഗത ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്തായിരുന്നു അപകടം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.തിങ്കളാഴ്ച രാവിലെ എട്ടോടെ കൊളംബസ് നഗരത്തിന്റെ വടക്കന്‍ മേഖലയിലായിരുന്നു അപകടം. സെന്‍ട്രല്‍ ഒഹായോ ട്രാന്‍സിറ്റ് അതോറിറ്റിയുടെ രണ്ട് ബസുകളാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. തുടര്‍ന്ന് മറ്റൊരു വാഹനം ബസുകളിലൊന്നിന്റെ പിന്‍ഭാഗത്തോ വശത്തോ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ പ്രാഥമിക വിവരം പ്രകാരം, ഒരു ബസ് ഇരട്ട മഞ്ഞ വര മറികടന്ന് എതിര്‍ദിശയില്‍ വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് കൊളംബസ് പൊലീസ് സര്‍ജന്റ് ജോസഫ് ആല്‍ബര്‍ട്ട് പറഞ്ഞു.ഒരു ബസിന്റെ ഡ്രൈവര്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാമത്തെ ഡ്രൈവറെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് ഒമ്പത് പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇവര്‍ ബസുകളിലെ യാത്രക്കാരോ മൂന്നാമത്തെ വാഹനത്തിലുണ്ടായിരുന്നവരോ ആണെന്നാണ് വിവരം.