ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി


23, November, 2026
Updated on 23, November, 2026 12



ടെഹ്റാന്‍: ബഹ്റൈനിൽ തങ്ങൾ നടത്തിയ പ്രത്യാക്രമണങ്ങൾ അമേരിക്കയുടെ 'പേട്രിയറ്റ്' വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ സ്ഥാപിച്ച കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). അമേരിക്കൻ സാമ്രാജ്യത്വവുമായുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ കടന്നാക്രമണത്തോടെയാണ് യുദ്ധത്തിന് തുടക്കമായത്. തുടർന്ന് ജൂണിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ അമേരിക്ക-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും സൈനിക കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ ആക്രമണങ്ങൾ തുടരുകയാണ്.

ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ

ഇറാന്റെ പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുറമുഖങ്ങൾ ലക്ഷ്യമിട്ട് നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇതുവഴി കടന്നുപോകുന്ന കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയതായും ഇറാൻ വ്യക്തമാക്കുന്നു.

യെമനിലും പോരാട്ടം കടുക്കുന്നു

മറുവശത്ത്, യെമനിൽ സൗദി പിന്തുണയുള്ള സൈനിക വിഭാഗങ്ങളും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. സംഘർഷം കടുത്തതോടെ സൗദി അറേബ്യയുടെ സൈനിക കേന്ദ്രങ്ങൾ, എണ്ണപ്പാടങ്ങൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഹൂതികൾ നിരന്തരം ആക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

അമേരിക്ക-ഇറാൻ സംഘർഷത്തിനൊപ്പം ഹോർമുസ് കടലിടുക്കിലെ നിയന്ത്രണ തർക്കവും യെമനിലെ പോരാട്ടവും പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലും ഇത് വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.





Feedback and suggestions