യുഎസ് ജനപ്രതിനിധി സഭയിലേക്ക് ചക്ക് ഹബ്ബാര്‍ഡിന് വിജയം; ഡെമോക്രാറ്റുകള്‍ക്ക് മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ ഭൂരിപക്ഷം


23, November, 2026
Updated on 23, November, 2026 10


വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിന അഞ്ചാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടന്ന റീ കൗണ്ടിംഗിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ചക്ക് ഹബ്ബാര്‍ഡിന് വിജയം. ദീര്‍ഘകാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചിരുന്ന വിര്‍ജീനിയ ഫോക്‌സിനെ പരാജയപ്പെടുത്തിയാണ് ഹബ്ബാര്‍ഡ് യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച അസോസിയേറ്റഡ് പ്രസ് (എപി) ആണ് ഹബ്ബാര്‍ഡിന്റെ വിജയം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വഴിയൊരുങ്ങി.99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഹബ്ബാര്‍ഡിന് 48.7 ശതമാനവും ഫോക്‌സിന് 48.6 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. 300-ല്‍ താഴെ വോട്ടുകളുടെ നേരിയ വ്യത്യാസത്തിലാണ് ഹബ്ബാര്‍ഡിന്റെ വിജയം. നേരത്തെ വോട്ടെണ്ണല്‍ പുനഃപരിശോധന ആവശ്യപ്പെട്ടിരുന്ന ഫോക്‌സ്, പരാജയം ഉറപ്പായതോടെ ഞായറാഴ്ച തന്നെ ഫോണില്‍ വിളിച്ച് വിജയാശംസകള്‍ അറിയിച്ചതായി ഹബ്ബാര്‍ഡ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഫോക്‌സിന്റെ ദീര്‍ഘകാല പൊതുസേവനത്തിനും ത്യാഗങ്ങള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു. മുന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഹബ്ബാര്‍ഡ് 2024-ലെ തിരഞ്ഞെടുപ്പിലും ഫോക്‌സിനെതിരെ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ നീതിപൂര്‍വവും വിശദവുമായിരുന്നുവെന്നും മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയെന്നും വിര്‍ജീനിയ ഫോക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 120-ാം കോണ്‍ഗ്രസില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ ഹബ്ബാര്‍ഡിന് എല്ലാ ആശംസകളും നേരുന്നതായും അവര്‍ അറിയിച്ചു. നോര്‍ത്ത് കരോലിന സ്റ്റേറ്റ് സെനറ്റിലെ സേവനത്തിനുശേഷം 2004-ലാണ് ഫോക്‌സ് ആദ്യമായി യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സഭയിലെ സുപ്രധാന സമിതിയായ ഹൗസ് റൂള്‍സ് കമ്മിറ്റിയുടെ അധ്യക്ഷയാണ് അവര്‍.ഈ വര്‍ഷം നോര്‍ത്ത് കരോലിനയില്‍ ഡെമോക്രാറ്റുകള്‍ക്ക് മികച്ച മുന്നേറ്റമാണ് ഉണ്ടായത്. ഹബ്ബാര്‍ഡിന്റെ വിജയത്തിന് പുറമെ മുന്‍ ഗവര്‍ണര്‍ റോയ് കൂപ്പറും യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിരമിക്കുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോം ടില്ലിസിന്റെ സീറ്റാണ് കൂപ്പര്‍ പിടിച്ചെടുത്തത്. ഞായറാഴ്ച പുറത്തുവന്ന എബിസി ന്യൂസിന്റെ കണക്കുകള്‍ പ്രകാരം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 258 സീറ്റുകളും റിപ്പബ്ലിക്കന്‍മാര്‍ക്ക് 173 സീറ്റുകളുമാണുള്ളത്. നാല് മണ്ഡലങ്ങളിലെ ഫലം കൂടി പുറത്തുവരാനുണ്ട്.ഹബ്ബാര്‍ഡിന്റെ വിജയം ഔദ്യോഗികമായതോടെ 1992-നുശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉറപ്പാകുന്നത്. അന്ന് ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമയത്തും ഡെമോക്രാറ്റുകള്‍ 258 സീറ്റുകള്‍ നേടിയിരുന്നു. മൂന്ന് പതിറ്റാണ്ടിനു ശേഷമുള്ള ഈ നേട്ടം പാര്‍ട്ടിക്ക് പുതിയ കോണ്‍ഗ്രസില്‍ നിര്‍ണായക രാഷ്ട്രീയ മേല്‍ക്കൈ നല്‍കുമെന്നാണ് വിലയിരുത്തല്‍.











Feedback and suggestions