എസ്.എം.എ രോഗികൾക്ക് സർക്കാരിന്റെ കരുതൽ, റിസ്ഡിപ്ലാം സൗജന്യമരുന്ന് ഇനി എല്ലാ ജില്ലകളിലും : മന്ത്രി കെ. മുരളീധരൻ


8, November, 2026
Updated on 8, November, 2026 2



തിരുവനന്തപുരം : എസ്.എം.എ ബാധിതർക്കുള്ള റിസ്ഡിപ്ലാം സൗജന്യമരുന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളേജുകൾ വഴി ലഭ്യമാക്കാൻ സർക്കാർ. ഇതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു.എസ്.എം.എ രോഗികൾക്കുള്ള റിസ്ഡിപ്ലാം മരുന്നിന്റെ വികേന്ദ്രീകൃത വിതരണത്തിലൂടെ ചികിത്സയുടെ ലഭ്യതയും തുടർച്ചയും ഉറപ്പാക്കുന്നതിനൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസം പകരുന്ന പുതിയ ആരോഗ്യപരിചരണ മാതൃകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ എസ്.എം.എ ക്ലിനിക്കുകൾ വഴി മാത്രമാണ് സൗജന്യമരുന്ന് വിതരണം ചെയ്യുന്നത്. മരുന്നിനായി ദൂരയാത്ര ചെയ്യേണ്ടിവരുന്നത് രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടും സാമ്പത്തികബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് എല്ലാ മെഡിക്കൽ കോളേജുകളിലെയും പീഡിയാട്രിക് വിഭാഗം വഴി മരുന്ന് ലഭ്യമാക്കാൻ തീരുമാനിച്ചത്.








നിലവിൽ 12 വയസ്സുവരെയുള്ളവർക്കാണ് സൗജന്യമരുന്ന് ലഭിക്കുന്നത്. പ്രായപരിധി ഒഴിവാക്കി എല്ലാ പ്രായത്തിലുമുള്ള അർഹരായ രോഗികൾക്കും മരുന്ന് ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇത് ഉടൻ നടപ്പാക്കും.എസ്.എം.എ ചികിത്സയിൽ ആരംഭിക്കുന്ന ഈ വികേന്ദ്രീകൃത പരിചരണ മാതൃക ഭാവിയിൽ മറ്റ് അപൂർവരോഗങ്ങൾക്കും കുട്ടികളിലെ ദീർഘകാല രോഗങ്ങൾക്കും പ്രയോജനപ്പെടുന്ന കുടുംബകേന്ദ്രീകൃത ആരോഗ്യപരിചരണ സംവിധാനമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
























Feedback and suggestions