2, November, 2026
Updated on 2, November, 2026 5
ഇസ്രയേലിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾ ചട്ടപ്രകാരവും സുതാര്യമായുമാണ് പൂർത്തിയായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പിൽ കൃത്രിമം നടന്നെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ ആരോപണങ്ങൾക്കിടെയാണ് കമ്മീഷന്റെ വിശദീകരണം. ഖത്തറിന്റെയും തുർക്കിയുടെയും ഇടപെടൽ തിരഞ്ഞെടുപ്പിലുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സോം സോൾബർഗിന്റെ പ്രതികരണം.
ഷിൻ ബെറ്റ് മേധാവി ഡേവിഡ് സിനി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആക്ടിങ് ഡയറക്ടർ ജനറൽ ഡീൻ ലിവ്നെ, അറ്റോർണി ജനറൽ ഗാലി ബഹാറവ്-മിയാര എന്നിവർക്കൊപ്പമുള്ള വീഡിയോ സന്ദേശത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ ശരിയായ രീതിയിലാണ് നടന്നതെന്ന് ചെയർമാൻ വ്യക്തമാക്കിയത്. അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലും അനധികൃത സാമ്പത്തിക സഹായവും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഇസ്രയേൽ അന്വേഷണ ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിനൊപ്പം രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വിദേശത്തുനിന്ന് തിരഞ്ഞെടുപ്പിനായി ഫണ്ട് ലഭിച്ചെന്ന ആരോപണം നെതന്യാഹുവും ലിക്കുഡ് പാർട്ടിയും നേരത്തെ ഉന്നയിച്ചിരുന്നു.
അതിനിടെ, പ്രതിപക്ഷത്തെ യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നെതന്യാഹുവിന്റെ സഖ്യത്തിലെ ചില പാർട്ടികളുടെയും അറബ് പാർട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കുകയും ഹമാസിനെ ഭീകരസംഘടനയായി കണക്കാക്കുകയും ചെയ്യുന്ന ഏത് രാഷ്ട്രീയ കക്ഷിയുമായും സഹകരിക്കാൻ തയ്യാറാണെന്ന് ഐസൻകോട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ സജീവമായിരിക്കുകയാണ്.