25, October, 2026
Updated on 25, October, 2026 5
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം കടുപ്പിച്ച് കാലാവസ്ഥാ വകുപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ ഇന്നും നാളെയും മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമാണ് മഴ കനക്കാൻ കാരണമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി നൽകിയ വിവരങ്ങളിൽ പറയുന്നു. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ കനത്തതോടെ ജില്ലാ ഭരണകൂടവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിലേക്കുള്ള വിനോദസഞ്ചാരം തടയാനും കോഴിക്കോട് ബീച്ചിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കാനും നിർദേശമുണ്ട്.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി.
കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട്, ശക്തമായ കാറ്റ് എന്നിവ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ മുൻകരുതലെടുക്കണം. ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവർ പകൽ സമയത്തുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം. വെള്ളക്കെട്ട് പതിവായ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവരും സാഹചര്യം വിലയിരുത്തി അധികൃതരുടെ നിർദേശപ്രകാരം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ മഴയുള്ളപ്പോൾ നദികൾ മുറിച്ചുകടക്കുന്നതും ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങുന്നതും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ വിനോദയാത്രകളും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും പാടില്ല. കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും നിർദേശമുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ ഗൗരവമായി കണ്ട് സുരക്ഷയ്ക്ക് മുൻഗണന നൽകണം.