വിന്‍കോണ്‍സിനില്‍ വിമാനം തകര്‍ന്നുവീണ് ഒരു കുട്ടി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു


15, October, 2026
Updated on 15, October, 2026 4


വിസ്‌കോണ്‍സിന്‍: യുഎസിലെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് വിമാനം തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി റീഡ്‌സ്ബര്‍ഗിന് സമീപമാണ് അപകടമുണ്ടായത്. സൗക് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ അഞ്ച് മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.ചൊവ്വാഴ്ച രാത്രി 9.30ന് ശേഷമാണ് വിമാനം തകര്‍ന്നുവീണതായി സൗക് കൗണ്ടി ഡിസ്പാച്ച് സെന്ററിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥരും അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ മരങ്ങള്‍ നിറഞ്ഞ വനമേഖലയിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സംഭവസ്ഥലത്തുതന്നെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.വിസ്‌കോണ്‍സിനിലെ കെനോഷയില്‍നിന്ന് മെനോമിനിയിലേക്ക്‌പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈപ്പര്‍ പിഎ-46 (ജശുലൃ ജഅ46) വിഭാഗത്തില്‍പ്പെട്ട വിമാനമാണിതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു.വിമാനം 24,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ഐസിങ് അഥവാ വിമാനത്തിന്റെ പ്രതലങ്ങളില്‍ മഞ്ഞ് അടിഞ്ഞുകൂടുന്ന സാഹചര്യം പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതായാണ് പ്രാഥമിക വിവരം. തുടര്‍ന്ന് വിമാനം താഴേക്ക് ഇറക്കാന്‍ അനുമതി തേടിയെന്നും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിന്റെ (എന്‍ടിഎസ്ബി) പ്രസ്താവനയില്‍ പറയുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കിയതിനു പിന്നാലെ വിമാനം വലത്തോട്ട് തിരിഞ്ഞ് താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്നു വിമാനവുമായുള്ള ആശയവിനിമയവും നിരീക്ഷണ വിവരങ്ങളും നഷ്ടപ്പെടുകയും ചെയ്തതായി എന്‍ടിഎസ്ബി അറിയിച്ചു.അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ ആശയവിനിമയ രേഖകളും പ്രദേശത്തെ കാലാവസ്ഥാ സാഹചര്യങ്ങളും അപകടത്തിനു കാരണമായോ എന്നു പരിശോധിച്ചുവരികയാണെന്ന് ഷെരീഫ് ഓഫീസ് വ്യക്തമാക്കി.




















Feedback and suggestions