Wildlife attack - Kerala Citizen Forum to protest
20, June, 2025
Updated on 20, June, 2025 69
![]() |
തൃശൂർ : തങ്ങളുടെ വ്യവസായശാലകൾ പുറത്തേക്ക് വിടുന്ന വിഷവാതങ്ങൾക്ക് പകരമായി ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള കേന്ദ്രങ്ങളായി മറ്റു രാഷ്ട്രങ്ങളെ മാറ്റുവാനുള്ള വികസിത രാജ്യങ്ങളുടെ ഗൂഢ പദ്ധതിയെ പിന്തുണയ്ക്കുന്നതിനും കാർബൺ ഫണ്ട് കൈക്കലാക്കുന്നതിനും വേണ്ടിയാണ് വന്യജീവി ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ച് നമ്മുടെ സർക്കാരുകൾ വനവ്യാപനം നടത്തുന്നതെന്ന് കേരള സിറ്റിസൺ ഫോറം .
പേവിഷ മരുന്ന് മാഫിയയുടെയും നായ് വന്ധ്യംകരണ മാഫിയയുടെയും സ്വാധീനത്തിലാണ് കേരള സർക്കാർ തെരുവ് നായകളെ കൊല്ലാതിരിക്കുന്നതെന്നും കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ ചേർന്ന കേരള സിറ്റിസൺ ഫോറം സംസ്ഥാന നേതൃയോഗം ആരോപിച്ചു.
വന്യമൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്ര നിയമം തടസ്സമാണെന്ന് പറയുന്ന കേരള സർക്കാർ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പുലി കടിച്ചപ്പോൾ ആ പുലിയെ ഉടനെ തന്നെ വെടിവെച്ചു കൊന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികളെ ആക്രമിക്കാൻ ഇടയുള്ള വന്യമൃഗങ്ങളെ കൊന്നുകളയാൻ ഒരു നിയമതടസ്സവും ഇല്ലായെന്നും സാധാരണ ജനങ്ങളെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലുന്നതിനാണ് നിയമതടസ്സം എന്നുമാണ് കേരള സർക്കാർ നിലപാട് .
ഈ മനുഷ്യ വിരുദ്ധമായ മൃഗീയതയ്ക്കെതിരായി പ്രക്ഷോഭം ആരംഭിക്കുവാൻ കേരള സിറ്റിസൺ ഫോറം സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മുന്നോടിയായി സംസ്ഥാന തലത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പി ജെ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. കെ കെ ബാബു അധ്യക്ഷനായിരുന്നു. എ സി സുരേഷ്, കെ പി കുര്യൻ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, വൈ ഔസേപ്പച്ചൻ, ജിനേഷ് കൊല്ലാറ, പി ജി മോഹനൻ, മിനി ആവോക്കാരൻ, ജോൺസൺ പി പായമ്മൽ, പി ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.