13, October, 2026
Updated on 13, October, 2026 8
ന്യൂയോര്‍ക്ക്: ജോര്‍ജിയയിലെ സിക്സ് ഫ്‌ളാഗ്‌സ് ഓവര്‍ ജോര്‍ജിയ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റോളര്‍ കോസ്റ്ററുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. അറ്റ്‌ലാന്റ നഗരത്തിന് പടിഞ്ഞാറ് ഓസ്റ്റലില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പാര്‍ക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പട്രോള്‍ പൊലീസുകാരും സ്ഥലത്തെത്തി. അപകടത്തിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിനായി മേജര്‍ ക്രൈംസ് യൂണിറ്റിലെ ഡിറ്റക്ടീവുമാരും സ്ഥലത്തെത്തുമെന്ന് കോബ് കൗണ്ടി പൊലീസ് വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.പാര്‍ക്കിലുണ്ടായിരുന്ന ദൃക്സാക്ഷികള്‍പറഞ്ഞതനുസരിച്ച്, ഗോലിയാത്ത് എന്ന റോളര്‍ കോസ്റ്ററില്‍നിന്ന് ഒരാള്‍ താഴേക്ക് വീഴുന്നതും വീഴുന്നതിനിടെ റൈഡില്‍ പലതവണ ഇടിക്കുന്നതും കണ്ടതായി പറയുന്നു. അപകടത്തെത്തുടര്‍ന്ന് റോളര്‍ കോസ്റ്റര്‍ മുകളിലെ ഭാഗത്ത് നിര്‍ത്തിയതോടെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ സിക്സ് ഫ്‌ലാഗ്സ് അധികൃതര്‍മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അപകടം ബാധിച്ച സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ പിന്തുണ നല്‍കിവരുന്നതായും അറിയിച്ചു. സമാന സ്വഭാവമുള്ള റൈഡുകള്‍ പാര്‍ക്കുകളുടെ വിവിധ കേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി അടച്ചിട്ടതായും വ്യക്തമാക്കി.2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗോലിയാത്ത് റോളര്‍ കോസ്റ്ററിന് ഏകദേശം 200 അടി ഉയരത്തിലെത്താനും മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനും കഴിയും. അപകടത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച വ്യക്തിയുടെ വിവരങ്ങളോ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളോ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ഇപ്പോള്‍ പുറത്തുവിടില്ലെന്നാണ് സിക്സ് ഫ്‌ലാഗ്സ് അധികൃതരുടെ നിലപാട്.