12, October, 2026
Updated on 12, October, 2026 10
ബ്രിട്ടനിലെ പ്രശസ്തമായ യോർക്ഷെയർ വൈൽഡ്‌ലൈഫ് പാർക്കിൽ കടുവയുടെ ആക്രമണത്തിൽ സന്ദർശകൻ ദാരുണമായി മരിച്ചു. കടുവകളുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കടന്നയാളാണ് ആക്രമണത്തിന് ഇരയായത്. എന്നാൽ, മനുഷ്യന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് മൃഗത്തെ ബലിയാടാക്കില്ലെന്നും കടുവയെ ദയാവധത്തിന് വിധേയമാക്കില്ലെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി.ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് 1:35-ഓടെയായിരുന്നു സംഭവം നടന്നത്. ഡാങ്കാസ്റ്ററിന് സമീപമുള്ള പാർക്കിലെ അമൂർ കടുവയുടെ (‘അൽതായ്’) കൂടിനുള്ളിലേക്കാണ് സന്ദർശകൻ കടന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ പേരുവിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആക്രമണം നടത്തിയ കടുവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നും അത് സുരക്ഷിതമാണെന്നും സൗത്ത് യോർക്ഷെയർ പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പാർക്ക് താൽക്കാലികമായി അടച്ചിടുകയും ജീവനക്കാർക്ക് കൗൺസിലിംഗ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.സംഭവത്തിന് തൊട്ടുമുമ്പ് മരിച്ചയാൾ ഇയർപോഡ് വെച്ച് പാട്ടു കേട്ട് സന്തോഷത്തോടെ നടക്കുന്നതും, കടുവ പശ്ചാത്തലത്തിൽ വരുന്ന രീതിയിൽ തന്റെ ഫോട്ടോ എടുത്തുതരാൻ മറ്റൊരാളോട് ആവശ്യപ്പെടുന്നതും കണ്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സന്ദർശകരെ ഉടൻതന്നെ ഒഴിപ്പിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്