കുതിപ്പേറി വന്ദേഭാരത്; കേരളത്തിൽ നിന്നുള്ള സർവീസുകൾ നേടിയത് 250 കോടി രൂപയുടെ റെക്കോർഡ് വരുമാനം


26, September, 2026
Updated on 26, September, 2026 3


കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ വേഗതയിലും യാത്രാ സൗകര്യത്തിലും മാത്രമല്ല, വരുമാനത്തിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിൽ നിന്നുള്ള രണ്ട് ജോഡി വന്ദേഭാരത് സർവീസുകൾ 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 249.65 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുൻവർഷം ഇത് 166.65 കോടി രൂപയായിരുന്നു. ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം 20 ആയി വർധിപ്പിച്ചതും സീറ്റുകളുടെ ലഭ്യത കൂടിയതുമാണ് മുൻവർഷത്തേക്കാൾ 83 കോടി രൂപയോളം അധിക വരുമാനം നേടാൻ റെയിൽവേയ്ക്ക് സഹായകമായത്.


തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മംഗളൂരു റൂട്ടുകളിലെ ട്രെയിനുകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോച്ചുകളുടെ എണ്ണം ഘട്ടംഘട്ടമായി 20 ആയി ഉയർത്തിയതോടെ സീറ്റുകളുടെ ശേഷി ഗണ്യമായി വർധിച്ചു. ആലപ്പുഴ വഴി സർവീസ് നടത്തുന്ന ട്രെയിനുകൾ മെയ് മാസത്തിൽ 16 കോച്ചായും പിന്നീട് സെപ്റ്റംബറിൽ 20 കോച്ചായും മാറ്റിയിരുന്നു. നിലവിൽ 18 ചെയർകാറുകളും 2 എക്സിക്യൂട്ടീവ് ചെയർകാറുകളും അടക്കം 1336 സീറ്റുകളുള്ള ഈ സർവീസുകളിൽ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന ഒക്കുപ്പൻസി നിരക്കാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, എറണാകുളം തുടങ്ങിയ വിവിധ സ്റ്റേഷനുകൾ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് റെയിൽവേയ്ക്ക് സമ്മാനിക്കുന്നത്.




Feedback and suggestions