15, September, 2026
Updated on 15, September, 2026 10
കോഴിക്കോട് : വിശാല സംസ്ഥാന സമിതി യോഗത്തിൽ സിപിഎം നേതൃത്വത്തിൽ നിർണായകമായ തിരുത്തൽ നടപടികളും സമഗ്ര അഴിച്ചുപണിയും. ജനകീയ നേതാവ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുതായി ഉൾപ്പെടുത്തി.അതേസമയം, മുതിർന്ന നേതാക്കളായ തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ പാർട്ടിക്ക് മേൽ ഉയർന്ന ശക്തമായ അണികളുടെ വികാരവും വിമർശനങ്ങളും കണക്കിലെടുത്താണ് ഈ പുതിയ മാറ്റങ്ങൾ.സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉത്തരവാദിത്തങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയെന്നും, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകളിൽ സെക്രട്ടറിക്ക് വ്യക്തിപരമായും സംഘടനാപരമായും ഉത്തരവാദിത്തമുണ്ടെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായിട്ടാണ് ഈ അച്ചടക്ക നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.യുവമുഖങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് പാർട്ടി സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. എം. വിജിൻ, ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, ആദർശ് എം. സജി, ഒ.എസ്. അംബിക, എൻ. സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരുൾപ്പെടെ ഒമ്പത് പുതിയ ആളുകളെയാണ് സംസ്ഥാന സമിതിയിൽ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ നേരത്തെ ഒഴിവാക്കപ്പെട്ടിരുന്ന സൂസൻ കോടിയെ സംസ്ഥാന സമിതിയിൽ തിരികെ ഉൾപ്പെടുത്തുകയും, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെന്ററിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്