ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ചു


29, August, 2026
Updated on 29, August, 2026 2


ന്യൂയോർക്ക്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ചു. മൂന്ന് രാജ്യങ്ങളിലായി നടത്തുന്ന അന്താരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ന്യൂയോർക്കിൽ എത്തിയ അദ്ദേഹം, ഭവനരഹിതർക്കായി ഇസ്കോൺ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയിലും പങ്കാളിയായി.


1966-ൽ ശ്രീല പ്രഭുപാദർ ഇസ്കോൺ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച 26 സെക്കൻഡ് അവന്യൂവിലെ ക്ഷേത്രത്തിലാണ് സർസംഘചാലക് എത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം ശ്രീല പ്രഭുപാദരുടെ പ്രതിമയിൽ പുഷ്പഹാരമണിയിച്ച് ആദരവർപ്പിച്ചു. തുടര്‍ന്ന്, ഇസ്കോണിൻ്റെ ‘സീറോ ഹംഗർ ന്യൂയോർക്ക്’ പദ്ധതി പ്രകാരമുള്ള ഒരു ലക്ഷാമത്തെ ഭക്ഷണപ്പൊതിയുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.ലോകത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും ഭിന്നതകൾക്കും പരിഹാരം മനുഷ്യരെ ഒന്നിപ്പിക്കുന്ന ആത്മീയബോധമാണെന്ന് ചടങ്ങിൽ ഭക്തരെ അഭിസംബോധന ചെയ്ത് മോഹൻ ഭാഗവത് പറഞ്ഞു. “ഇന്നത്തെ ലോകത്ത് ഒരുപാട് സംഘർഷങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. ഇവയ്ക്കിടയിൽ മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കാൻ സാധിക്കുന്ന ഒരേയൊരു കാര്യം ബോധമാണ്. ആ ബോധമാണ് കൃഷ്ണബോധം,” അദ്ദേഹം കൂട്ടിച്ചേർത്തു.


ആർ.എസ്.എസും ഇസ്കോണും കൈകോർത്ത് ആഗോള സമാധാനത്തിനും ഐക്യത്തിനുമായി എങ്ങനെ പ്രവർത്തിക്കാമെന്നതിനെക്കുറിച്ച് ഇസ്കോൺ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. സന്ദർശനത്തിന് ശേഷം, ഇസ്കോൺ ലോകത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ‘ശ്രീ കൃഷ്ണബോധം’ എന്ന് അദ്ദേഹം ക്ഷേത്രത്തിലെ സന്ദർശക പുസ്തകത്തിൽ കുറിച്ചു. ക്ഷേത്രത്തിലെ അന്തരീക്ഷം തന്നിൽ ശുദ്ധമായ സാത്വിക സ്നേഹം നിറച്ചതായും അദ്ദേഹം വ്യക്തമാക്കി.


മോഹൻ ഭാഗവതിൻ്റെ സന്ദർശനം ചരിത്രപരമാണെന്ന് ഇസ്കോൺ ഗവേണിംഗ് ബോഡി കമ്മീഷണർ ഗൗരാംഗ ദാസ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. നിലവിൽ 120 രാജ്യങ്ങളിലായി ഇസ്കോണിന് 1,300-ഓളം ക്ഷേത്രങ്ങളുണ്ടെന്നും, ഹിന്ദു സനാതന ധർമ്മം ലോകമെമ്പാടും എത്തിക്കുന്നതിൽ ശ്രീല പ്രഭുപാദർ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആർ.എസ്.എസിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 29-ന് മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കുന്ന ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷനിൽ’ മോഹൻ ഭാഗവത് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.




Feedback and suggestions