മൂന്നാം വയസ്സിൽ രാജാവായി, 34-ാം വയസ്സിൽ വിടവാങ്ങൽ! അവിവാഹിതൻ, അജ്ഞാത രോഗത്തിന് ചികിത്സയിലിരിക്കെ ഒയോ നീംബ അന്തരിച്ചു


29, August, 2026
Updated on 29, August, 2026 34


കമ്പാല: മൂന്നാം വയസ്സിൽ കിരീടം ചൂടി ലോകശ്രദ്ധ നേടിയ യുഗാൺഡയിലെ തോറോ സാമ്രാജ്യത്തിന്റെ രാജാവ് ഒയോ നീംബ (34) അന്തരിച്ചു. വിദേശത്ത് അജ്ഞാത രോഗത്തിന് ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച പുലർച്ചെ അന്ത്യം. ബാല്യത്തിൽ തന്നെ സിംഹാസനത്തിലെത്തിയ ഒയോ നീംബയുടെ ജീവിതം ചെറുപ്പം മുതൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.


പിതാവിന്റെ മരണത്തെത്തുടർന്ന് 1995-ലാണ് ഒയോ നീംബ കബാംബ ഇഗുരു റുകിഡി നാലാമനായി തോറോയുടെ സിംഹാസനമേറിയത്. അന്ന് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രാജാവെന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചു. 18 വയസ്സ് പൂർത്തിയാകുന്നതുവരെ റീജന്റുമാരുടെ സഹായത്തോടെയായിരുന്നു ഭരണകാര്യങ്ങൾ മുന്നോട്ടുപോയത്. തോറോ പ്രധാനമന്ത്രി കാൽവിൻ റോമീരെ അക്കീക്കിയാണ് മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത്.അന്താരാഷ്ട്രതലത്തിലും ഒയോ നീംബ ശ്രദ്ധ നേടിയിരുന്നു. മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫി ഉൾപ്പെടെയുള്ള പ്രമുഖ ലോകനേതാക്കളുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഗദ്ദാഫി യുഗാൺഡ സന്ദർശിക്കുകയും തോറോ രാജകുടുംബത്തിന് ദീർഘകാല പിന്തുണ നൽകുകയും ചെയ്തിരുന്നു.അവിവാഹിതനായിരുന്ന ഒയോ നീംബയുടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അജ്ഞാത രോഗത്തിന് വിദേശത്ത് ചികിത്സയിലിരിക്കെയാണ് 34-ാം വയസ്സിൽ രാജാവ് വിടവാങ്ങിയത്




Feedback and suggestions