മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം


27, August, 2026
Updated on 27, August, 2026 4



ന്യൂഡൽഹി : ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 29 മുതൽ നാല് ദിവസത്തെ വിദേശ പര്യടനം നടത്തും. യാത്രയുടെ ആദ്യഘട്ടമായി ആഗസ്റ്റ് 29, 30 തീയതികളിൽ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം താഷ്‌കന്റ് സന്ദർശിക്കും. ഉസ്‌ബെക്കിസ്ഥാനിലെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വ്യാപാരം, പ്രതിരോധം, ഡിജിറ്റൽ മേഖല, ഊർജ്ജം, വിദ്യാഭ്യാസം എന്നിവയിലെ സഹകരണം വിലയിരുത്താൻ നേതാക്കൾ തമ്മിൽ ഉന്നതതല ചർച്ചകൾ നടക്കും. താഷ്‌കന്റിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്മാരകവും താഷ്‌കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മഹാത്മാഗാന്ധി സെന്ററും പ്രധാനമന്ത്രി സന്ദർശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ആഗസ്റ്റ് 31-ന് പ്രധാനമന്ത്രി മോദി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിലേക്ക് തിരിക്കും. കിർഗിസ് പ്രസിഡന്റ് സദിർ ജപറോവിന്റെ ക്ഷണപ്രകാരം ബിഷ്‌കെക്കിൽ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഉച്ചകോടിയിൽ പങ്കടുക്കാനാണ് അദ്ദേഹം അവിടെയെത്തുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന ഈ ഉച്ചകോടിയിൽ സുരക്ഷ, വ്യാപാരം, പ്രാദേശിക കണക്റ്റിവിറ്റി തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി അവതരിപ്പിക്കും. എസ്സിഒയുടെ 25-ാം വാർഷിക ആഘോഷങ്ങളുടെ വേദി കൂടിയാണ് ഈ ഉച്ചകോടി. എസ്സിഒ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുൾപ്പെടെ പ്രമുഖ ആഗോള നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യ-റഷ്യ വ്യാപാര ബന്ധം മെച്ചപ്പെടുത്തൽ, ഇന്ധനവും വളവും ലഭ്യമാക്കൽ എന്നിവയിൽ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര ഏഷ്യൻ മേഖലയുമായുള്ള ഇന്ത്യയുടെ ചരിത്രപരവും സാമ്പത്തികവുമായ ബന്ധത്തിന് കൂടുതൽ വേഗത നൽകാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.












Feedback and suggestions