26, August, 2026
Updated on 26, August, 2026 2
തിരുവനന്തപുരം: നന്മയുടെയും സമൃദ്ധിയുടേയും വരവറിയിച്ച് മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ പൂവിളിയുമായാണ് ഇന്ന് തിരുവോണം. സദ്യയും കാഴ്ചവട്ടവുമായി ഓണത്തിരക്കിലാണ് മലയാളികള്‍. രാത്രി വൈകിയും മറുനാട്ടില്‍ ജോലി ചെയ്യുന്ന മലയാളികള്‍ വീടുകളിലേക്ക് എത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓരോ ഓണക്കാലവും സമ്മാനിക്കുന്നത്. .ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങള്‍. മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം. കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികള്‍ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാല്‍ പിന്നെ ഓണ സദ്യയാണ്.
അതിനിടെ തിരുവോണ നാളായ ഇന്ന് സംസ്ഥാനത്ത് പല ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. പുലര്‍ച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങി.കഴിഞ്ഞ ദിവസങ്ങളിലും ഇടവിട്ട് മഴ പെയ്തിരുന്നു. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായിരുന്നു.കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി.