18, August, 2026
Updated on 18, August, 2026 40
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയ്‌ക്കെതിരെയും മറ്റൊരു പ്രബല സൈനികശക്തിക്കെതിരെയും ഇറാൻ വിജയകരമായി പ്രതിരോധം തീർത്തുവെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി . ഇറാൻ ദുർബലമാണെന്ന ആഗോള ധാരണയെ ഈ യുദ്ധം പൂർണ്ണമായും തകർത്തെറിഞ്ഞെന്നും, യുദ്ധാനന്തര കാലഘട്ടത്തിൽ ഇറാൻ തികച്ചും വ്യത്യസ്തമായ ഒരു വിദേശനയമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം ഇറാനിയൻ സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തുടക്കത്തിൽ അമേരിക്ക ഇറാനോട് ‘നിരുപാധികമായ കീഴടങ്ങൽ’ ആവശ്യപ്പെട്ടെങ്കിലും, പിന്നീട് അത് ഭരണമാറ്റം, വിഭജനം, ആഭ്യന്തര കലാപം എന്നിങ്ങനെ പല ലക്ഷ്യങ്ങളിലേക്ക് മാറിമറിയുകയായിരുന്നുവെന്നും, എന്നാൽ ഇറാനെ മുട്ടുകുത്തിക്കാൻ ഒരു പദ്ധതിക്കും കഴിഞ്ഞില്ലെന്നും അരാഗ്ച്ചി തുറന്നടിച്ചു. അമേരിക്കയുമായുള്ള ധാരണാപത്രത്തിലെ 13 നിബന്ധനകൾ തങ്ങൾക്ക് അനുകൂലമാണെന്നും, അമേരിക്ക ഇപ്പോൾ തങ്ങളുടെ നിബന്ധനകൾക്ക് വഴങ്ങി ചർച്ചയ്ക്ക് കേഴുകയാണെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, വെടിനിർത്തൽ ചർച്ചകളെ അട്ടിമറിക്കാൻ സയണിസ്റ്റ് ഭരണകൂടമായ ഇസ്രായേൽ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും, സമാധാനത്തിന് ഏറ്റവും വലിയ തടസ്സം അവരാണെന്നും അരാഗ്ച്ചി ആരോപിച്ചു.എന്നാൽ, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റാതെ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ തയ്യാറല്ലെന്ന് ഇറാന്റെ മുൻനിര ചർച്ചക്കാരൻ മുഹമ്മദ് ബാഗർ ഖാലിബഫ് വ്യക്തമാക്കി. അമേരിക്കൻ സഖ്യസേന ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കുന്നതടക്കമുള്ള ഇറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ നടപ്പിലാക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. ഇറാന്റെ മിലിട്ടറി കരുത്ത് തങ്ങളുടെ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ ശക്തി നൽകുന്നുണ്ടെന്നും, ഇനിയുള്ള ചർച്ചകൾ തങ്ങളുടെ നിബന്ധനകൾക്ക് അനുസരിച്ചായിരിക്കുമെന്നും ഖാലിബഫ് ആവർത്തിച്ചു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, ഇറാൻ ആണവായുധം നേടാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാട് ആവർത്തിക്കുമ്പോഴും, തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളിൽ നിന്ന് പിന്മാറാൻ ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും നയതന്ത്ര പോരാട്ടങ്ങളും മുറുകുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ നിർണ്ണായകമായ ഈ കടലിടുക്കിന്റെ നിയന്ത്രണം ആഗോള എണ്ണവിപണിയെ ഇനിയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നുറപ്പാണ്