ഗുവാഹത്തി: പ്രളയക്കെടുതിയില്‍ വലയുന്ന അസമില്‍ മരണസംഖ്യ 99 ആയി. വിവിധ ജില്ലകളിലെ ഗ്രാമങ്ങളിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്.12 ജില്ലകളിലെ 460 ഗ്രാമങ്ങളിലുള്ള 1,47,376 ആളുകള്‍ ഇപ്പോഴും പ്രളയക്കെടുതിയിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.സോനിത്പൂർ, നഗാവ്, ഗോലാഘട്ട്, ശിവസാഗർ, ഹോജായ്, ദരംഗ്, ജോർഹട്ട്, ധേമാജി, ചരൈദേവ്, കർബി ആംഗ്ലോങ്, ലഖിംപൂർ, ബിശ്വനാഥ് എന്നീ ജില്ലകളിലാണ് പ്രളയക്കെടുതി തുടരുന്നത്. ഈ ജില്ലകളിലെ 1,47,376 പേരെയാണ് പ്രളയം ബാധിച്ചത്. ഗോലാഘട്ട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം തുടരുന്നത്. ഇവിടെ മാത്രം 61,735 പേരെ പ്രളയം ബാധിച്ചു. ശിവസാഗറില്‍ 43,492 പേരും ജോർഹട്ടില്‍ 24,283 പേരും പ്രളയത്തില്‍ വലയുന്നുണ്ട്. 10,599.89 ഹെക്ടർ കൃഷിഭൂമിയില്‍ വെള്ളം കയറിയിട്ടുണ്ട്.
പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. ജില്ലാ ഭരണകൂടവും റവന്യൂ വിഭാഗവും സംയുക്തമായി ദുരിതബാധിതർക്ക് സഹായങ്ങള്‍ എത്തിച്ചുവരികയാണ്. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ നേരിട്ട ജില്ലകളില്‍ ഒന്നായ ദരംഗില്‍ എത്തി സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തി. വെള്ളപ്പൊക്കം തുടരുന്ന സ്ഥലങ്ങളില്‍ എത്തിയ മുഖ്യമന്ത്രി, ദുരിതാശ്വസ പ്രവർത്തനങ്ങളും നിരീക്ഷിച്ചു.
മഴക്കെടുതിയില്‍ വലയുന്നവർക്ക് കൈത്താങ്ങാകാനായി നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം നല്‍കുന്നുണ്ട്. പ്രശസ്ത സ്റ്റാൻഡപ്പ് കൊമേഡിയനും കണ്ടൻ്റ് ക്രിയേറ്ററുമായ സമയ് റെയ്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. അതേസമയം പതിനൊന്നാം തീയതി വരെ അസം, മേഘാലയ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.