5, August, 2026
Updated on 5, August, 2026 3
ബീജിങ് : അമേരിക്ക അടുത്തിടെ ചുമത്തിയ പുതിയ തീരുവകൾക്കും ചൈനീസ് കമ്പനികൾക്കുമേലുള്ള വ്യാപാര വിലക്കുകൾക്കും മറുപടിയായി കടുത്ത പ്രതികാര നടപടികളുമായി ചൈന. ആറ് പ്രമുഖ അമേരിക്കൻ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയതിന് പുറമെ, യു.എസ് വിപണിയിലേക്കുള്ള ഡ്രോണുകളുടെയും അവയുടെ അനുബന്ധ സാങ്കേതികവിദ്യകളുടെയും കയറ്റുമതിയിൽ ചൈനീസ് വാണിജ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നിർബന്ധിത തൊഴിൽ ആരോപണങ്ങളും ദേശീയ സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പത്തിലേറെ രാജ്യങ്ങൾക്കൊപ്പം ചൈനീസ് കമ്പനികൾക്ക് മേലും പുതിയ നികുതികളും ഉപരോധവും ഏർപ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. യു.എസ് നടപടികൾ രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളെയും താൽപ്പര്യങ്ങളെയും സാരമായി ബാധിച്ചുവെന്നും ഇതോടെ ശക്തമായ പ്രതിരോധ നടപടികളിലേക്ക് കടക്കാൻ തങ്ങൾ നിർബന്ധിതരായെന്നുമാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.
ബയോടെക്നോളജി സ്ഥാപനമായ 'അപ്ലൈഡ് ഡി.എൻ.എ സയൻസസ്', ജിയോസയൻസ് ഗവേഷണ കമ്പനിയായ 'സ്ട്രാറ്റം റിസർവോയർ' തുടങ്ങിയ ആറ് പ്രമുഖ യു.എസ് കമ്പനികൾക്കാണ് ചൈന തങ്ങളുടെ ഉപരോധ പട്ടികയിൽ ഇടം നൽകിയത്. ചൈനയിലുള്ള വ്യക്തികളും സ്ഥാപനങ്ങളും ഈ അമേരിക്കൻ കമ്പനികളുമായി യാതൊരുവിധ വ്യാപാര ഇടപാടുകളോ സഹകരണമോ നടത്തരുതെന്ന് മന്ത്രാലയം ഉത്തരവിട്ടു. സിൻജിയാങ് മേഖലയുമായി ബന്ധപ്പെടുത്തി ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക ചുമത്തിയ വിവേചനപരമായ ഉപരോധങ്ങൾക്ക് ഈ ആറ് കമ്പനികളും പിന്തുണ നൽകിയതായി ബെജിംഗ് ആരോപിക്കുന്നു. ഇതിനുപുറമെ, അമേരിക്കയിൽ നിന്നുള്ള ഓഫീസർ പ്രിന്ററുകളുടെയും കോപ്പിയറുകളുടെയും ഇറക്കുമതിയിൽ ദേശീയ സുരക്ഷാ അന്വേഷണം ആരംഭിക്കാനും അമേരിക്കൻ കംപ്ലയൻസ് പരിശോധനാ ഏജൻസികളെ വിലക്കാനും ചൈന തീരുമാനിച്ചു.
ഡ്രോണുകൾ, അവയുടെ പ്രധാന ഉത്പാദന ഘടകങ്ങൾ, സാങ്കേതികവിദ്യ എന്നിവ യു.എസിലേക്ക് അയക്കുന്നതിന് മുൻപ് ഇനിമുതൽ ഓരോ കേസും പ്രത്യേകം പരിശോധിക്കുന്ന കർശന ലൈസൻസിങ് നടപടികൾ ചൈന നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ലഭിച്ചിരുന്ന അതിവേഗ ലൈസൻസിങ് ആനുകൂല്യങ്ങൾ പൂർണ്ണമായും നിർത്തലാക്കിയതോടെ അമേരിക്കൻ വിപണിയിലെ ഡ്രോൺ ലഭ്യതയെ ഇത് സാരമായി ബാധിക്കും. ചൈനയുടെ ഉന്നത വ്യാപാര പ്രതിനിധി ഹെ ലിഫെങ് അമേരിക്കൻ ട്രേഡ് പ്രതിനിധിയുമായി ഫോണിൽ സംസാരിച്ച് രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അടുത്ത മാസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഇരിക്കെ, ലോകത്തിലെ രണ്ട് വൻകിട സാമ്പത്തിക ശക്തികൾ തമ്മിൽ വീണ്ടും പുകയുന്ന സാങ്കേതിക-വ്യാപാര യുദ്ധം ആഗോള വിപണികളിൽ ആശങ്ക പടർത്തുകയാണ്.