1, August, 2026
Updated on 1, August, 2026 4
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന അതിതീവ്ര മഴയിൽ കടുത്ത ദുരന്തവും നാശനഷ്ടവും. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും ഉരുൾപൊട്ടലുമുണ്ടായതിനെ തുടർന്ന് ഇതുവരെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി ജില്ലയിലെ കുടയത്തൂർ അടൂർമലയിൽ മണ്ണിടിഞ്ഞുവീണ് വീട് തകർന്ന് സുമതി (69) എന്ന മുതിർന്ന സ്ത്രീയും, വാഗമൺ കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ വീട്ടിൽ കുടുങ്ങി പ്രഭാകരൻ നായരും (72) മരണമടഞ്ഞു. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട് മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി (28), മാതാവ് റജീന ജോണി എന്നിവരും ജീവൻ വെടിഞ്ഞു. ഇടുക്കി, കോട്ടയം, പത്തനംതിട്ട മലയോര മേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും വിള്ളലുകളും രൂപപ്പെട്ടതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കിഴക്കൻ മലയോരങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ രീതിയിൽ മണിക്കൂറുകൾക്കുള്ളിൽ 30 സെന്റീമീറ്ററിലധികം മഴ പെയ്തിറങ്ങിയതോടെ പ്രധാന നദികളായ പമ്പ, മണിമലയാർ, മീനച്ചിലാർ, ചാലക്കുടിയാർ, മൂവാറ്റുപുഴയാർ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി, വടശ്ശേരിക്കര, ഇട്ടിപ്പാറ മേഖലകളിൽ വ്യാപകമായി വെള്ളം കയറി ടൗണുകൾ മുങ്ങി. ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കുകയും എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്യുന്നുണ്ട്. പമ്പ്ല ഡാം, മംഗലം ഡാം എന്നിവയുടെ ഷട്ടറുകളും ഉയർത്തിയതോടെ തീരപ്രദേശങ്ങളിലുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
വരും മണിക്കൂറുകളിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേരുകയും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയെയും (NDRF), ഫയർഫോഴ്സിനെയും പോലീസ് തങ്കളെയും സർവ്വ സജ്ജരാക്കി നിർത്തിയിട്ടുമുണ്ട്. നദീതീരങ്ങളിൽ ഉള്ളവരും മണ്ണിടിച്ചിൽ സാധ്യതയുള്ള അപകടമേഖലകളിൽ കഴിയുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും, അത്യാവശ്യങ്ങൾക്കല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.