29, May, 2026
Updated on 29, May, 2026 24
എറണാകുളം : മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന ആവശ്യവുമായി സി.എം.ആർ.എൽ. കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് അപ്പീൽ നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പിണറായി വിജയന്റെ വസതികളിലും സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ വീടുകളിലും ഇ.ഡി വ്യാപക റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ ഈ നിർണായക നീക്കം.
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിലവിൽ വിശദമായ അന്വേഷണം നടത്തുന്നതിനാൽ ഇ.ഡി മറ്റൊരു സമാന്തര അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് സി.എം.ആർ.എൽ ആരോപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന യാതൊരുവിധ കുറ്റകൃത്യങ്ങളും ഈ സാമ്പത്തിക ഇടപാടിൽ നടന്നിട്ടില്ലാത്തതിനാൽ കേസിൽ ഇടപെടാൻ ഇ.ഡിക്ക് നിയമപരമായ അധികാരമില്ല എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.
പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക് സൊല്യൂഷൻസ്' എന്ന ഐടി കമ്പനിക്ക്, കൃത്യമായ യാതൊരു സേവനങ്ങളും നൽകാതെ സി.എം.ആർ.എൽ കമ്പനി 1.72 കോടി രൂപ നൽകിയെന്നാണ് കേസിന്റെ ആധാരം. നേരത്തെ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്നും കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആർ തള്ളണമെന്നും ആവശ്യപ്പെട്ട് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജികൾ ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് പൂർണ്ണമായും തള്ളിയിരുന്നു.