20, May, 2026
Updated on 20, May, 2026 5
റോം : ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം 'പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്' ഉയർത്തിയതായി സംയുക്തമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോനിയും. റോമിൽ വെച്ച് നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുനേതാക്കളും ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന വളർന്നുവരുന്ന 'ഇൻഡോ-മെഡിറ്ററേനിയൻ' ഇടനാഴിയിൽ ഇന്ത്യയും ഇറ്റലിയും പ്രധാന പങ്കാളികളാകുമെന്നും മോദിയും മെലോനിയും വ്യക്തമാക്കി.
2029-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോ (2,000 കോടി യൂറോ) കടത്താൻ ഈ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം വഴി ലക്ഷ്യമിടുന്നു. എയ്‌റോസ്‌പേസ്, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, ടെക്സ്റ്റൈൽസ്, ടൂറിസം എന്നീ മേഖലകൾക്കാണ് ഇതിൽ മുൻഗണന നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സ്പേസ് ടെക്നോളജി എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാനും ധാരണയായി. ഭീകരവാദം, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്-മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെ സംയുക്തമായി പോരാടാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.