18, May, 2026
Updated on 18, May, 2026 40
ഓസ്ലോ : യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നോർവേ സന്ദർശിക്കുകയാണ്. 43 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ സന്ദർശനം നടത്തുന്നത്. ഒസ്ലോയിലെ ഗാർഡർമോൻ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നേരിട്ടെത്തി സ്വീകരിച്ചു. ഒസ്ലോയിലെ ഹോട്ടലിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹം വലിയ ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തുടർന്ന് നടന്ന ഇന്ത്യൻ പ്രവാസികളുടെ സാംസ്കാരിക പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
ഇന്ന് പ്രധാനമന്ത്രി നോർവേയിലെ ഹാരാൾഡ് അഞ്ചാമൻ രാജാവുമായും സോൻജ രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തും. നോർവേയിൽ പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ നടക്കും. അടുത്തിടെ ഒപ്പുവെച്ച 'ഇന്ത്യ - ഇഎഫ്‌ടിഎ' വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും പദ്ധതിയിടുന്നു. ആഗോളതലത്തിൽ പ്രമുഖ എണ്ണ-വാതക കയറ്റുമതിക്കാരായ നോർവേയുമായി ചേർന്ന് ക്ലീൻ എനർജി, ഗ്രീൻ മാരിടൈം സെക്ടർ എന്നിവയിൽ സഹകരണം ഉറപ്പാക്കാനും പ്രധാനമന്ത്രി ചർച്ച നടത്തും. കൂടാതെ, പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറെയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും 'ഇന്ത്യ-നോർവേ ബിസിനസ് ആൻഡ് റിസർച്ച് സമ്മിറ്റിനെ' മോദി അഭിസംബോധന ചെയ്യുകയും ചെയ്യും.