26, April, 2026
Updated on 26, April, 2026 4
ബമാകോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാകോയില്‍ വന്‍ ഭീകരാക്രമണം. സൈനിക താവളങ്ങളും അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള സുരക്ഷാ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഏകോപിപ്പിച്ചുള്ള ആക്രമണങ്ങള്‍ നടന്നത്.വെടിവെയ്പ്പും ശക്തമായ സ്‌ഫോടനങ്ങളും നഗരത്തെ നടുക്കി. ബമാകോയ്‌ക്ക് പുറത്തുള്ള പ്രധാന സൈനിക കേന്ദ്രമായ 'കാറ്റി' ബേസിന് സമീപമാണ് ആദ്യ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. പിന്നാലെ മിനിറ്റുകളോളം നീണ്ടുനിന്ന വെടിവെയ്പ്പും റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് തമ്പടിച്ചിരിക്കുന്ന വിമാനത്താവളത്തിന് സമീപത്തെ സൈനിക ക്യാമ്പിലും ആക്രമണം നടന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലേക്കുള്ള റോഡുകളെല്ലാം സുരക്ഷാ സേന അടച്ചു. തലസ്ഥാനത്തിന് പുറമെ സേവാറെ, കിഡാല്‍, ഗാവോ തുടങ്ങിയ നഗരങ്ങളിലും സമാനമായ ആക്രമണങ്ങള്‍ ഒരേസമയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, അല്‍-ഖ്വയ്ദയുടെ പ്രാദേശിക വിഭാഗമായ 'ജമാഅത്ത് നുസ്റത്ത് അല്‍-ഇസ്ലാം വല്‍-മുസ്ലിമീന്‍' ആണ് ഇതിന് പിന്നിലെന്ന് സുരക്ഷാ വൃത്തങ്ങള്‍ സംശയിക്കുന്നു.
മാലിയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്ന വിഭാഗമാണിത്. 2020-ലും 2021-ലും നടന്ന സൈനിക അട്ടിമറികള്‍ക്ക് ശേഷം അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് മാലിയില്‍ അധികാരത്തിലുള്ളത്. രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികള്‍ അവസാനിപ്പിക്കുമെന്ന് സൈനിക ഭരണകൂടം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഭീകരാക്രമണങ്ങള്‍ തുടരുകയാണ്.
സുരക്ഷയ്‌ക്കായി റഷ്യന്‍ കൂലിപ്പട്ടാളത്തെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ ഡ്രോണുകള്‍ക്കും വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കരാറില്‍ ഏര്‍പ്പെടാന്‍ ബമാകോ വാഷിംഗ്ടണുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും മാലി സൈന്യം അറിയിച്ചു.