നാദാപുരം: വീട്ടുമുറ്റത്ത് വെച്ച് പാമ്പ് ആക്രമിച്ചിട്ടും പരിക്കേൽക്കാതെ 11 വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ വിദ്യാർത്ഥിയാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് ഒഴിവായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്ന് സാധനങ്ങൾ എടുക്കാൻ എത്തിയതായിരുന്നു വിദ്യാർത്ഥി. ഈ സമയം മുറ്റത്തുണ്ടായിരുന്ന പൂച്ചയെ കണ്ട് ഭയന്ന പാമ്പ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന് താഴെ പതുങ്ങിയിരിക്കുകയായിരുന്നു. കുട്ടി കാറിന് അരികിലെത്തിയതോടെ പാമ്പ് ചീറ്റിയടുക്കുകയും വിദ്യാർത്ഥിയുടെ കാലിൽ ആഞ്ഞു കൊത്തുകയുമായിരുന്നു.പാമ്പ് ആഞ്ഞു കൊത്തിയെങ്കിലും കുട്ടിയുടെ പാന്റിലാണ് പല്ലുകൾ തറച്ചത്. പാന്റ് അല്പം അയഞ്ഞ നിലയിലായിരുന്നതിനാൽ പാമ്പിന്റെ പല്ലുകൾ ശരീരത്തിൽ തറച്ചില്ല. പാന്റ് കാലിൽ ഉടക്കി നിന്ന പാമ്പിനെ കുട്ടി തട്ടിമാറ്റുകയായിരുന്നു. ഉടനടി വീട്ടുകാർ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ മുറിവേറ്റിട്ടില്ലെന്ന് വ്യക്തമായത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ഭീതി നിലനിൽക്കുന്നതിനിടെ ഉണ്ടായ ഈ സംഭവം നാദാപുരം മേഖലയിൽ വലിയ ചർച്ചയായിട്ടുണ്ട്. മഴയ്ക്ക് മുന്നോടിയായുള്ള ഉഷ്ണകാലമായതിനാൽ പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.