18, April, 2026
Updated on 18, April, 2026 4
അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ അടുത്ത ഘട്ടം ചർച്ചകൾ തിങ്കളാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികൾ ചർച്ചയ്ക്കായി തിങ്കളാഴ്ച ഇസ്ലാമാബാദിൽ എത്തുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ചർച്ചാ പ്രതിനിധി സംഘങ്ങൾ ഞായറാഴ്ച തന്നെ പാകിസ്ഥാനിൽ എത്തിയേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാകുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
അതേസമയം, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.ഇക്കാര്യത്തിൽ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ ഖത്തർ അമീറും തുർക്കി പ്രസിഡന്റും പ്രശംസിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അന്റാലിയ ഡിപ്ലോമസി ഫോറത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക കൂടിക്കാഴ്ചകൾ നടന്നത്.അമേരിക്കയും ഇറാനും തമ്മിലുള്ള സ്തംഭനാവസ്ഥയിലായ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ വ്യാഴാഴ്ച ടെഹ്‌റാനിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച ടെഹ്‌റാനിലെത്തിയ അസിം മുനീറിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് സ്വീകരിച്ചത്.ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള തർക്കങ്ങളിൽ ഒരു വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ. നേരത്തെ നടന്ന ആദ്യഘട്ട ചർച്ചകളിൽ പുരോഗതിയില്ലാതെ അവസാനിച്ചതിനെത്തുടർന്ന് രണ്ടാം ഘട്ടത്തിനുള്ള കളമൊരുക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം.