ജയലളിത മുതൽ മോദി വരെ എല്ലാവരുടെയും കാലുപിടിച്ചു; എടപ്പാടിക്കെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ


13, April, 2026
Updated on 13, April, 2026 3


എഐഎഡിഎംകെ നേതൃത്വത്തിനെതിരെ കടുത്ത ആഞ്ഞടിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. എടപ്പാടി കെ. പളനിസ്വാമി (ഇപിഎസ്) നടത്തുന്നത് 'കാലുപിടി രാഷ്ട്രീയ'മാണെന്ന് ഉദയനിധി പരിഹസിച്ചു. അധികാരം നിലനിർത്താൻ പളനിസ്വാമി ഓരോ കാലഘട്ടത്തിലും ഓരോരുത്തരുടെ കാലുപിടിക്കുകയും തമിഴ്‌നാടിന്റെ അവകാശങ്ങൾ ഡൽഹിക്ക് പണയം വെക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


മന്നാർഗുഡിയിലെ ഡിഎംകെ സ്ഥാനാർത്ഥിയും വ്യവസായ മന്ത്രിയുമായ ടി.ആർ.ബി രാജയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് 'അടിമകളും തമിഴ് ജനതയുടെ ആത്മാഭിമാനവും' തമ്മിലുള്ള പോരാട്ടമാണെന്നും ഉദയനിധി വിശേഷിപ്പിച്ചു.ജയലളിത ജീവിച്ചിരുന്നപ്പോൾ പളനിസ്വാമി അവരുടെ കാലുപിടിച്ചു. അവർ മരിച്ചപ്പോൾ വി.കെ ശശികലയുടെ കാലുപിടിച്ചു. അവർ ജയിലിലായപ്പോൾ ടി.ടി.വി ദിനകരന്റെ കാലുപിടിച്ചു. ഇപ്പോൾ ഡൽഹിയിൽ പോയി മോദിയുടെ കാലുപിടിച്ചാലേ നിൽക്കാൻ പറ്റൂ എന്ന അവസ്ഥയിലാണ് അദ്ദേഹം," ഉദയനിധി പറഞ്ഞു. തന്നെ വളർത്തിക്കൊണ്ടുവന്ന ഓരോ നേതാക്കളെയും പളനിസ്വാമി പിന്നിൽ നിന്ന് കുത്തിയെന്നും എന്നാൽ ഡിഎംകെ എന്നും തമിഴ്‌നാടിന്റെ സ്വയംഭരണത്തിനായി ഡൽഹിയോട് പൊരുതി നിൽക്കുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.അനുഭവസമ്പത്തില്ലാത്തവനെന്ന ഇപിഎസിന്റെ പരിഹാസത്തിനും ഉദയനിധി മറുപടി നൽകി. പദവികൾക്ക് വേണ്ടി മുതിർന്നവരുടെ കാലുപിടിക്കുന്ന 'അനുഭവം' തനിക്കില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു. തനിക്ക് ഭയമില്ലെന്നും ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാനാണ് താൻ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.






Feedback and suggestions