23, May, 2026
Updated on 23, May, 2026 3
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഈ പുതുക്കിയ നിരക്കോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 99.51 രൂപയും ഡീസൽ വില 92.49 രൂപയും ആയി മാറി.
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മെയ് 15 മുതലാണ് എണ്ണക്കമ്പനികൾ വില വീണ്ടും പരിഷ്കരിക്കാൻ തുടങ്ങിയത്. മെയ് 15ന് ഇന്ധനവിലയിൽ ലിറ്ററിന് 3 രൂപയുടെ വർദ്ധനവ് ഏർപ്പെടുത്തിയിരുന്നു. യു.എസ് - ഇറാൻ സംഘർഷത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ബാരലിന് ശരാശരി 69 ഡോളർ ആയിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാസ്കറ്റ് നിരക്ക്, പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് നിലവിൽ ബാരലിന് 113 - 114 ഡോളർ എന്ന നിരക്കിലേക്ക് ഉയർന്നു.
ആഗോളതലത്തിൽ ഇന്ധനവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത് എങ്കിലും മറ്റ് പല പ്രമുഖ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ വിലക്കയറ്റത്തിന്റെ തോത് കുറവാണ്. കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചതും, പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി , ബി.പി.സി.എൽ , എച്ച്.പി.സി.എൽ എന്നിവ ആദ്യഘട്ടത്തിൽ ഉണ്ടായ നഷ്ടം സ്വയം വഹിച്ചതുമാണ് ഇതിന് കാരണം. എണ്ണക്കമ്പനികൾ പെട്ടെന്ന് വില കൂട്ടുന്നത് വഴിയുണ്ടാകുന്ന പണപ്പെരുപ്പം ഒഴിവാക്കാനാണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ഘട്ടം ഘട്ടമായി വില വർദ്ധിപ്പിക്കുന്നത്. എന്നിരുന്നാലും, എണ്ണക്കമ്പനികൾക്ക് ഇപ്പോഴും പ്രതിദിനം കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.