8, April, 2026
Updated on 8, April, 2026 3
ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഭീഷണികൾക്കും ആക്രമണങ്ങൾക്കും പിന്നാലെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നുകൊണ്ടാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം.
ഇറാന് മേലുള്ള ബോംബിങ്ങും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ താൻ സമ്മതിച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇതിനെ ഒരു ഉഭയകക്ഷി വെടിനിർത്തൽ (Double sided CEASEFIRE) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, പാക് സൈനിക മേധാവി ജനറൽ ആസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. ആസൂത്രണം ചെയ്ത മിസൈൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഇവർ ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഹോർമുസ് കടടുടുക്ക് (Strait of Hormuz) ഇറാൻ വീണ്ടും തുറന്നു നൽകണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.സൈനികപരമായ എല്ലാ ലക്ഷ്യങ്ങളും ഇതിനോടകം തന്നെ അമേരിക്ക കൈവരിച്ചതായും ഇറാനുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടു. "ദീർഘകാല സമാധാനത്തിനായുള്ള കൃത്യമായ കരാറിനോട് ഞങ്ങൾ വളരെ അടുത്തെത്തിയിരിക്കുന്നു. ഇറാനിൽ നിന്ന് 10 പോയിന്റുകളുള്ള ഒരു നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അത് ചർച്ചകൾക്ക് അനുയോജ്യമായ ഒന്നാണ്," ട്രംപ് പറഞ്ഞു.കഴിഞ്ഞ കാലത്തെ ഭൂരിഭാഗം തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും ഏകദേശ ധാരണയിൽ എത്തിയതായും ഈ രണ്ടാഴ്ചത്തെ ഇടവേള കരാർ അന്തിമമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ലോകം വലിയ ആശങ്കയിലായിരുന്നു. ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ യുഎസ്, ഇസ്രായേൽ സേനകൾ ഇറാന്റെ റെയിൽവേ, റോഡ് പാലങ്ങൾ, വിമാനത്താവളം, പെട്രോകെമിക്കൽ പ്ലാന്റ് എന്നിവയ്ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയിരുന്നു.ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈറ്റുകളും തകർക്കപ്പെട്ടു. ഇതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിരുന്നു.ആറാമത്തെ ആഴ്ചയിലേക്ക് കടന്ന യുദ്ധത്തിൽ ഇതുവരെ പത്തോളം രാജ്യങ്ങളിലായി അയ്യായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 1,600 പേരും ഇറാനിലെ സാധാരണക്കാരാണ്. ഐക്യരാഷ്ട്രസഭയും പോപ്പ് ലിയോയും ഉൾപ്പെടെയുള്ളവർ യുദ്ധത്തിനെതിരെ രംഗത്തെത്തിയിരുന്നു.