15, March, 2026
Updated on 15, March, 2026 33
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനം ഔദ്യോഗികമായി വോട്ടെടുപ്പ് ആവേശത്തിലേക്ക് കടക്കും.തീയതി പ്രഖ്യാപനം വന്നാലുടൻ തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പ്രചാരണത്തിൽ മുന്നിലെത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ എൽഡിഎഫ് ഇന്ന് തന്നെ തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.യുഡിഎഫും ബിജെപിയും നാളെയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നാണ് സൂചന. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ തർക്കങ്ങളില്ലാത്ത സീറ്റുകളിലെ പട്ടികയാകും കോൺഗ്രസ് നാളെ പുറത്തിറക്കുക.
ബിജെപിയും തങ്ങളുടെ ആദ്യ പട്ടിക നാളെ തന്നെ പ്രഖ്യാപിക്കും. വിജയസാധ്യത കൂടുതലുള്ള എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
ഇന്നും നാളെയുമായി പ്രധാന മുന്നണികളെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കുന്നതോടെ കേരളത്തിൽ അങ്കച്ചേകവർ ആരൊക്കെയെന്ന കാര്യത്തിൽ വ്യക്തതയാകും. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പുതുമുഖ സാന്നിധ്യവും പ്രാതിനിധ്യവും ചർച്ചയാകുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അതീവ ജാഗ്രതയോടെയാണ് പട്ടിക തയ്യാറാക്കുന്നത്. വരും ദിവസങ്ങളിൽ കേരളം ഇനി ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് മാറും.